അഞ്ചു മാസത്തിനിടെ കശ്മീരിന് നഷ്ടം 16,000 കോടി

ജമ്മു: സംഘര്‍ഷം രൂക്ഷമായ അഞ്ചു മാസത്തിനിടെ ജമ്മുകശ്മീരില്‍ പൊതുഖജനാവിന് നഷ്ടമായത് 16,000 കോടി രൂപ. കഴിഞ്ഞവര്‍ഷം ജൂലൈ എട്ടു മുതല്‍ നവംബര്‍ 30 വരെയുള്ള കാലയളവിലാണ് ഇത്രയും നഷ്ടമെന്ന് ധനമന്ത്രി ഹസീബ് ദ്രാബു നിയമസഭയുടെ മേശപ്പുറത്തുവെച്ച ‘ഇക്കണോമിക് സര്‍വേ 2016’ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

നിരവധി മനുഷ്യജീവന്‍ നഷ്ടപ്പെടുന്നതിനും ഏറെ പേര്‍ക്ക് പ്രയാസങ്ങളുണ്ടാക്കുന്നതിനും കാരണമായ സംഘര്‍ഷം താഴ്വരയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഏറക്കുറെ പൂര്‍ണമായി തടസ്സപ്പെടുത്തിയതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. മൊബൈല്‍, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിലച്ചത് ആശയവിനിമയം പ്രയാസകരമാക്കി. ഹര്‍ത്താലും ബന്ദും കര്‍ഫ്യൂവും പലവിധ നിയന്ത്രണങ്ങളും താഴ്വരയിലെ 10 ജില്ലകളിലെ ജനജീവിതം ഏറെ ദുസ്സഹമാക്കിയതായും പറയുന്നു.

താഴ്വരയിലെ പ്രധാന വരുമാനമാര്‍ഗമായ വിനോദസഞ്ചാരത്തെയും സംഘര്‍ഷം ദോഷകരമായി ബാധിച്ചു. സീസണില്‍ 6,23,932 വിനോദസഞ്ചാരികളാണ് എത്തിയത്. ഇത് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കുറവായിരുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി.

ഏപ്രിലില്‍ തുടങ്ങുന്ന ടൂറിസ്റ്റ് സീസണ്‍ മൂര്‍ധന്യത്തിലത്തെുന്ന ജൂലൈയിലാണ് സംഘര്‍ഷത്തിന് തുടക്കമായത്. ഇതോടെ ഒക്ടോബര്‍ വരെ നീളുന്ന സീസണില്‍ വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞു. ഹോട്ടലുകള്‍, റസ്റ്റാറന്‍റുകള്‍, ഹൗസ്ബോട്ടുകള്‍, കരകൗശല വിപണി തുടങ്ങി എല്ലാ മേഖലകളെയും ഇത് പ്രതികൂലമായി ബാധിച്ചു. 201617 സാമ്പത്തിക വര്‍ഷത്തെ രണ്ടാം മൂന്നുമാസ കാലയളവില്‍ വിനോദസഞ്ചാര വരുമാന നഷ്ടം 751.97 ലക്ഷം രൂപയായിരുന്നു.

Tags:    
News Summary - In Five months kashmir lost 16,000 core

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.