ന്യൂഡൽഹി: സചിൻ പൈലറ്റിെൻറ നേതൃത്വത്തിലുള്ള വിമത വിപ്ലവം അതിജീവിക്കാൻ നിയമസഭയിലെ വിശ്വാസവോട്ട് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് നിർണായകമായി. സചിനെയും സംഘത്തെയും അയോഗ്യരാക്കാനുള്ള നീക്കം കോടതി ഇടപെടലിൽ തൽക്കാലം മുടങ്ങിയതോടെ ഗെഹ്ലോട്ടിന് കിട്ടാവുന്ന ഭൂരിപക്ഷം നേർത്തു.
200 അംഗ നിയമസഭയിൽ 102 കോൺഗ്രസ് എം.എൽ.എമാരുടെ പിന്തുണയാണ് ഗെഹ്ലോട്ടിനുള്ളത്. പുറമെ സ്വതന്ത്രരുടെയും ചെറു പാർട്ടികളുടെയും പിന്തുണയുണ്ട്. എന്നാൽ, സചിൻ അടക്കം 19 വിമതരെ സ്പീക്കർ അയോഗ്യരാക്കിയിരുന്നെങ്കിൽ, അവരുടെ അഭാവം വഴി ഗെഹ്ലോട്ടിന് അനായാസം വിശ്വാസ വോട്ടെടുപ്പിൽ ജയിക്കാമായിരുന്നു.
നിയമസഭ സമ്മേളനം വിളിക്കാൻ ഗവർണർ വൈകുന്തോറും, തനിക്കുള്ള പിന്തുണയിൽ ചോർച്ച ഉണ്ടാകാമെന്ന് ഗെഹ്ലോട്ട് ഭയക്കുന്നുണ്ട്. ബി.ജെ.പിയുടെ പിന്നാമ്പുറ കളികളുണ്ട്. കൂടുതൽ എം.എൽ.എമാരെ ചാക്കിടാനുള്ള സാവകാശമാണ് ഗെഹ്ലോട്ടിനെതിരെ നീങ്ങുന്നവർ തേടുന്നത്.
നിയമസഭ സമ്മേളനം ഉടനടി വിളിക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം പരിഗണിക്കുന്നതിനു മുമ്പ് തനിക്ക് പല കാര്യങ്ങൾ പരിശോധിക്കാനുണ്ടെന്നാണ് ഗവർണറുടെ പക്ഷം. കേസ് സുപ്രീംകോടതിയിൽ നിലനിൽക്കുന്നു. അതുകൊണ്ട് നിയമാഭിപ്രായം കിട്ടണം. പുറമെ, കോവിഡ് സാഹചര്യത്തിൽ നിയമസഭ സമ്മേളനം വിളിക്കാമോ എന്നും പരിശോധിക്കണം. എന്നാൽ, ഗവർണറെ ഉപയോഗിച്ച് ബി.ജെ.പി കളിക്കുന്നുവെന്നാണ് ഗെഹ്ലോട്ടും സംഘവും ആരോപിക്കുന്നത്. ജനം രാജ്ഭവൻ വളഞ്ഞാൽ, തങ്ങൾ ഉത്തരവാദികളാവില്ലെന്ന മുന്നറിയിപ്പും മുഖ്യമന്ത്രി നൽകുന്നുണ്ട്.
സ്പീക്കർ അയച്ച നോട്ടീസിന്മേൽ തുടർനടപടി പാടില്ലെന്നും തൽസ്ഥിതി തുടരണമെന്നുമാണ് രാജസ്ഥാൻ ഹൈകോടതി വെള്ളിയാഴ്ച നിർദേശിച്ചത്. സ്പീക്കറുടെ അധികാരം സംബന്ധിച്ച ഭരണഘടനാ വിഷയത്തിൽ തീരുമാനമെടുക്കുന്നതുവരെ സ്പീക്കർക്ക് സ്വമേധയാ മുന്നോട്ടുപോകാൻ കഴിയില്ലെന്നർഥം. സുപ്രീംകോടതി ഈ കേസ് തിങ്കളാഴ്ച പരിഗണിക്കും.
വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചാൽ അടുത്ത ആറു മാസത്തേക്ക് മന്ത്രിസഭ സുരക്ഷിതം. വോട്ടെടുപ്പു നടന്നാൽ ഓരോ പാർട്ടിയും നൽകുന്ന നിർദേശം അതിെൻറ അംഗങ്ങൾ അനുസരിക്കണം. തൽസ്ഥിതി തുടരണമെന്ന് കോടതി പറഞ്ഞിട്ടുണ്ടെങ്കിലും, പാർട്ടി വിപ്പിനെതിരെ വോട്ടുചെയ്താൽ വിമതരെ അയോഗ്യരാക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.