ഇന്ത്യൻ കമാൻഡോകൾ കുതിച്ചെത്തി, കളംവിട്ട് കടൽക്കൊള്ളക്കാർ; റാഞ്ചിയ കപ്പൽ മോചിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി: അറബിക്കടലിൽ കടൽക്കൊള്ളക്കാർ റാഞ്ചിയ ലൈബീരിയൻ പതാകയുള്ള ‘എം.വി ലില നോർഫോക്’ ചരക്കുകപ്പൽ ഇന്ത്യൻ നാവികസേനയുടെ ‘മാർക്കോസ്’ കമാൻഡോകൾ മോചിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. നാവികസേന ഹെലികോപ്റ്ററിൽ നിന്ന് പകർത്തിയ വിഡിയോകളാണ് എക്സിലൂടെ പുറത്തുവിട്ടത്.

‘മാർക്കോസ്’ കമാൻഡോകൾ സ്പീഡ് ബോട്ടിൽ കപ്പലിന്‍റെ സമീപത്തേക്ക് കുതിച്ചെത്തുന്നതും ഡെക്കിലൂടെ ഉള്ളിലേക്ക് പ്രവേശിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കപ്പൽ തീരത്ത് അടുപ്പിക്കാൻ നാവികസേന ശ്രമം തുടങ്ങിയതായി റിപ്പോർട്ട്.

ഇന്നലെ രാത്രിയോടെയാണ് അറബിക്കടലിൽ കടൽക്കൊള്ളക്കാർ റാഞ്ചിയ ‘എം.വി ലില നോർഫോക്’ ചരക്കുകപ്പൽ ഇന്ത്യൻ നാവികസേനയുടെ ‘മാർക്കോസ്’ കമാൻഡോകൾ മോചിപ്പിച്ചത്. 15 ഇന്ത്യക്കാരടക്കം കപ്പലിലെ 21 ജീവനക്കാരും സുരക്ഷിതരാണ്. ശക്തമായ മുന്നറിയിപ്പിനെ തുടർന്ന് കൊള്ളക്കാർ കപ്പലിൽ നിന്ന് പിന്മാറുകയായിരുന്നെന്ന് നാവിക സേന അറിയിച്ചു.

കപ്പലിനുള്ളിലെത്തിയ കമാൻഡോകൾ ദൗത്യം പൂർത്തിയാക്കി. ഐ.എൻ.എസ് ചെന്നൈ എന്ന യുദ്ധക്കപ്പലാണ് രക്ഷാദൗത്യത്തിന് നായകത്വം വഹിച്ചത്. ബ്രസീലിലെ പോർട്ടോ ഡു അക്യൂവിൽ നിന്ന് ബഹ്‌റൈനിലെ ഖലീഫ ബിൻ സൽമാൻ തുറമുഖത്തേക്ക് പോവുകയായിരുന്നു ചരക്കുകപ്പൽ.

സോമാലിയ തീരത്തുനിന്ന് 300 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ റാഞ്ചിയത്. വ്യാഴാഴ്ച വൈകീട്ട് സായുധരായ ആറു പേർ എത്തിയ വിവരം കപ്പലുകളുടെ യാത്ര നിരീക്ഷിക്കുന്ന ബ്രിട്ടീഷ് സൈനിക സംഘടനയായ യു.കെ മാരിടൈം ട്രേഡ് ഓപറേഷൻസ് (യു.കെ.എം.ടി. ഒ) ആണ് പുറത്തുവിട്ടത്.

യു.കെ.എം.ടി. ഒയുടെ പോർട്ടലിലേക്ക് കപ്പലിൽ നിന്ന് സന്ദേശമെത്തിയതിനെ തുടർന്നാണ് റാഞ്ചൽ വാർത്ത ലോകം അറിഞ്ഞത്. തുടർന്ന് കപ്പലിന്റെ മോചനത്തിനായി ഇന്ത്യൻ നാവികസേന ശ്രമം തുടങ്ങുകയും ‘ഐ.എൻ.എസ് ചെന്നൈ’ എന്ന കപ്പലിനെ മേഖലയിലേക്ക് വിന്യസിക്കുകയും ചെയ്തു.

നാവികസേനയുടെ ഹെലികോപ്ടർ വെള്ളിയാഴ്ച പുലർച്ച തന്നെ റാഞ്ചിയ കപ്പലിന് അരികിലേക്ക് പറന്ന് കപ്പലിലുള്ളവരുമായി ആശയവിനിമയം നടത്തിയിരുന്നു. മാരിടൈം പട്രോൾ എയർക്രാഫ്റ്റ് , ലോങ് റേഞ്ച് പ്രിഡേറ്റർ ഡ്രോൺ എന്നിവയും കപ്പലിനെ സഹായിക്കാൻ സജജമാക്കിയിരുന്നു.

അറബിക്കടലിലും ചെങ്കടലിലും ഡ്രോൺ വഴി കപ്പലുകൾക്കു നേരെ ആക്രമണം നടന്നിരുന്നു. തുടർന്ന് നാല് യുദ്ധകപ്പലുകൾ ഇന്ത്യ ഈ മേഖലകളിലേക്ക് അയച്ച് നിരീക്ഷണവും രക്ഷാപ്രവർത്തനവും ശക്തമാക്കുകയായിരുന്നു.

Tags:    
News Summary - Footage of Indian commandos freeing a ship MV Lila Norfolk hijacked by pirates is out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.