മരിച്ച നവീൻ. വിദ്യാർഥികളുടെ മരണത്തിൽ ഡൽഹിയിലെ ഐ.എ.എസ് കോച്ചിങ് സെന്ററിന് മുന്നിലെ പ്രതിഷേധം

ഡൽഹിയിൽ വെള്ളം കയറി മരിച്ചവരിൽ മലയാളി വിദ്യാർഥിയും; സ്ഥലത്ത് വൻ പ്രതിഷേധം, സംഘർഷാവസ്ഥ

ന്യൂഡൽഹി: ഡൽഹിയിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റിൽ വെള്ളം കയറി മരിച്ച മൂന്ന് വിദ്യാർഥികളിൽ ഒരാൾ മലയാളിയാണെന്ന് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശി നവീൻ ഡാൽവിൻ ആണ് മരിച്ചത്. ശ്രേയ യാദവ്(25), തനിയ സോണി(25) എന്നിവരും വെള്ളപ്പൊക്കത്തിൽ മരിച്ചിരുന്നു. ഇവരിൽ ഒരാള്‍ തെലങ്കാന സ്വദേശിയും മറ്റൊരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയുമാണ്. മൂവരുടെയും മൃതദേഹങ്ങള്‍ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

ദുരന്തത്തിന് കാരണം അനാസ്ഥയെന്നാണ് വിദ്യാർഥികളുടെ ആരോപണം. ഓൾഡ് രാജേന്ദ്രർ നഗറിലെ റാവൂസ് ഐ.എ.എസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റിൽ പ്രവർത്തിച്ചിരുന്ന ലൈബ്രറിയിലാണ് വെള്ളം കയറിയത്. 45 വിദ്യാർഥികളാണ് ലൈബ്രറിയില്‍ ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. രണ്ടു വിദ്യാർഥികളെ കാണാതായിട്ടുമുണ്ട്.

കോച്ചിങ് സെന്ററിന് മുന്നിൽ വലിയ പ്രതിഷേധം നടക്കുകയാണ്. വിദ്യാർഥികളും പ്രദേശവാസികളുമടക്കം നിരവധിയാളുകളാണ് ഇവിടെ തടിച്ചു കൂടിയിരിക്കുന്നത്. കോച്ചിങ് സെന്ററിലേക്ക് മാർച്ച് നടത്താനുള്ള വിദ്യാർഥികളുടെ ശ്രമം പൊലീസ് തടഞ്ഞു. സ്ഥലത്തെത്തിയ സ്വാതി മലിവാൾ എം.പിയെയും വിദ്യാർഥികൾ തടഞ്ഞു. വിദ്യാർഥികളും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

സംഭവത്തിൽ ആം ആദ്മി പാർട്ടിക്കെതിരെ ബി.ജെ.പി രംഗത്ത് വന്നു. എ.എ.പി നേതാക്കൾക്കും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും എതിരെ ക്രിമിനൽ കേസ് എടുക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. കെജ്രിവാൾ സർക്കാർ പ്രാദേശിക ജനങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന് ബാൻസുരി സ്വരാജ് എം.പി വിമർശിച്ചു. എന്നാൽ ഇത് രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലെന്നായിരുന്നു എ.എ.പിയുടെ മറുപടി.

എൻ.ഡി.ആർ.എഫിന്റെ രക്ഷാപ്രവർത്തനത്തിനിടെയാണ് വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ആദ്യം കണ്ടെത്തിയത് രണ്ട് പെൺകുട്ടികളുടെ മൃതദേഹമാണ്. പിന്നാലെയാണ് ആൺകുട്ടിയുടെ മൃതദേഹം ലഭിച്ചത്. ശനിയാഴ്ച വൈകീട്ട് മുതൽ ഡൽഹിയിൽ ശക്തമായ മഴയാണ്. ഓടകൾ വൃത്തിയാക്കാത്തതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്നും ആരോപണമുയർന്നു. ഓടകൾ വൃത്തിയാക്കണമെന്ന് പ്രദേശവാസികൾ നിരന്തരം ആവശ്യപ്പെട്ടിട്ടും സ്ഥലം എം.എൽ.എ അവഗണിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. 

കെട്ടിടത്തിലുള്ള വെള്ളം പമ്പ് ചെയ്ത് കളയുന്നത് തുടരുകയാണ്. അതിന് ശേഷം സ്ഥലത്ത് വിശദമായ പരിശോധന നടത്തും. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി

സംഭവവുമായി ബന്ധപ്പെട്ട് കോച്ചിങ് സെന്ററുമായി ബന്ധമുള്ള രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹിയിലെ സിവിൽ സർവീസ് കോച്ചിങ് സെന്ററുകളുടെ പ്രധാന ഹബ് ആണ് ഓൾഡ് രാജേന്ദ്ര. മലയാളികളടക്കം നിരവധി വിദ്യാർഥികളാണ് ഇവിടെ പരിശീലനത്തിന് എത്തുന്നത്. 

Tags:    
News Summary - Malayali student is among those who died due to floods in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.