ന്യൂഡൽഹി: വേദനസംഹാരികൾ, ചുമയ്ക്കുള്ള സിറപ്പുകൾ, കാൻസർ മരുന്നുകൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ആൽക്കലോയിഡുകൾ വേർതിരിച്ചെടുക്കാൻ കറുപ്പ് സംസ്കരിക്കാൻ ബജാജ് ഹെൽത്ത്കെയർ എന്ന സ്വകാര്യ ഫാർമസ്യൂട്ടിക്കൽ കമ്പനിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി. ഇന്ത്യയിൽ കറുപ്പ് സംസ്കരണ മേഖലയിലേക്ക് സർക്കാർ കരാർ നൽകുന്ന ആദ്യ സ്വകാര്യ കമ്പനിയാണ് ബജാജ് ഫാർമസ്യൂട്ടിക്കൽ.
കരാർ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ജൂലൈ 12ന് കേന്ദ്രസർക്കാരിൽ നിന്ന് രണ്ട് കത്തുകൾ ലഭിച്ചതായി ബജാജ് ഹെൽത്ത് കെയർ ജോയിന്റ് മാനേജിംഗ് ഡയറക്ടർ അനിൽ ജെയിൻ പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്വകാര്യ കമ്പനിക്ക് കറുപ്പ് സംസ്കരണത്തിന് നിയന്ത്രണം എടുത്തുമാറ്റുന്നത്.
രണ്ട് ടെൻഡറുകളും ഗുജറാത്തിലെ സാവ്‌ലിയിലെ നിർമാണകമ്പനിയിൽ നടത്താനാണ് ബജാജ് ഫാർമസ്യൂട്ടിക്കൽസിന്റെ തീരുമാനം. ബജാജ് ഹെൽത്ത്‌കെയറിന് പ്രതിവർഷം 500 ടൺ കറുപ്പ് സംസ്‌കരിക്കുന്നതിനുള്ള പ്രാരംഭ കരാറാണ് നൽകിയത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഉൽപ്പാദനം പ്രതിവർഷം 800 ടൺ ആക്കണമെന്നാണ് കമ്പനിയുടെ തീരുമാനം.
കറുപ്പ് കൃഷി നിയമാനുസൃതമായ അപൂർവം രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. എന്നാൽ അതിന്റെ സംസ്കരണം ഇതുവരെ സ്വകാര്യ കമ്പനികൾക്ക് നൽകിയിരുന്നില്ല. സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്സ് കർഷകരിൽ നിന്ന് നേരിട്ട് കറുപ്പ് സംഭരിക്കുകയും മെഡിക്കൽ ഉപയോഗത്തിനായി ആൽക്കലോയിഡുകൾ വേർതിരിച്ചെടുക്കുന്നതിന് ഗാസിപൂരിലെയും നീമച്ചിലെയും സർക്കാർ ഒപിയം, ആൽക്കലോയ്ഡ് വർക്ക്സ് ഫാക്ടറികളിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു പതിവ്.
ഉത്തർപ്രദേശിലെ ഗാസിപ്പൂരിലെയും മധ്യപ്രദേശിലെ നീമുച്ചിലെയും രണ്ട് സർക്കാർ ഫാക്ടറികൾ ആൽക്കലോയിഡുകൾ വേർതിരിച്ചെടുക്കാൻ പ്രതിവർഷം 800 ടൺ കറുപ്പ് സംസ്കരിക്കുന്നുണ്ട്.
കറുപ്പ് കൃഷിക്ക് സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്‌സ് ആണ് കർഷകർക്ക് ലൈസൻസ് നൽകുന്നത്. ശേഖരിക്കുന്ന കറുപ്പിന്റെ ഒരു ഭാഗം ഉണക്കി കയറ്റുമതി ചെയ്യുന്നു. ചിലത് ആൽക്കലോയിഡുകൾ വേർതിരിച്ചെടുക്കാൻ ഉപയോഗിക്കുന്നു. സർക്കാർ പ്ലാന്റുകൾ കറുപ്പിൽ നിന്ന് മോർഫിൻ, കോഡിൻ, തീബെയ്ൻ, മറ്റ് ആൽക്കലോയിഡുകൾ എന്നിവ വേർതിരിച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് വിൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.