ന്യൂഡൽഹി: ക്രിമിനൽ കേസുണ്ടെന്ന കാരണത്താൽ വിദേശത്ത് തൊഴിലവസരം തേടുന്നതിൽ നിന്ന് പൗരനെ തടയാനാവില്ലെന്ന് സുപ്രധാന വിധിയിൽ ഡൽഹി ഹൈകോടതി വ്യക്തമാക്കി. കുറ്റവാളിയെന്ന് കോടതി വിധിക്കാതെ വിദേശ യാത്രക്കുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി) നൽകാതിരിക്കാനാവില്ലെന്നും ജസ്റ്റിസ് സഞ്ജീവ് നരുലയുടെ സിംഗിൾ ബെഞ്ച് വിധിച്ചു. എഫ്.ഐ.ആർ ഉണ്ടെന്ന കാരണം പറഞ്ഞ് വ്യക്തിയുടെ സഞ്ചാര സ്വാതന്ത്ര്യം തടയാനാവില്ലെന്നും ഹൈകോടതി ഓർമിപ്പിച്ചു. ഇ.പി.എഫ്.ഒ ഉദ്യോഗസ്ഥരുടെ പരാതിയിൽ രണ്ട് ക്രിമിനൽ കേസുകളിൽ പ്രതി ചേർക്കപ്പെട്ട കരോൾ ബാഗിലെ അമർദീപ് സിങ് സമർപ്പിച്ച ഹരജിയിലാണ് ഹൈകോടതി വിധി.
പൗരന്റെ മൗലികാവകാശങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ ഭരണകൂടത്തിന് അവകാശമുണ്ടെങ്കിലും കോടതി കുറ്റവാളിയെന്ന് കണ്ടെത്തുകയോ ശിക്ഷ വിധിക്കുകയോ ചെയ്യാത്തിടത്തോളം കേവലം എഫ്.ഐ.ആറിന്റെ പേരിൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിഷേധിക്കാനാവില്ലെന്നും വിദേശയാത്രക്ക്, കേസ് പരിഗണിക്കുന്ന കോടതിയുടെ അനുമതി തേടിയാൽ മതിയെന്നും ഹൈകോടതി വ്യക്തമാക്കി. കേസ് നിലനിൽക്കെ 2019ൽ ഹരജിക്കാരന് പാസ്പോർട്ട് പുതുക്കി നൽകിയത് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാനുള്ള ഹരജിക്കാരന്റെ അവകാശം തടയാനുള്ള സാഹചര്യം ഇല്ലാത്തത് കൊണ്ടാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.