ദുബൈ: നേപ്പാൾവഴി മറ്റ് രാജ്യങ്ങളിലേക്കുള്ള വിമാനയാത്രക്ക് ബുധനാഴ്ച അർധരാത്രി മുതൽ വിലക്ക്. നേപ്പാൾ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള എമിഗ്രേഷൻ വിഭാഗമാണ് ഇതു സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. ഇതോടെ സൗദി യാത്രക്കായി നേപ്പാളിൽ എത്തിയ പതിനായിരക്കണക്കിന് പ്രവാസികൾ കുടുങ്ങി.
നിലവിൽ നേപ്പാളിലുള്ളവരെ സൗദിയിൽ എത്തിക്കുന്നകാര്യം അധികൃതരുമായി ചർച്ച ചെയ്യുന്നുണ്ടെന്ന് നേപ്പാളിലെ ഇന്ത്യൻ എംബസി അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. അതേസമയം, നേപ്പാളിലേക്ക് വരുന്നതിനും തിരികെ സ്വന്തം രാജ്യത്തേക്ക് പോകുന്നതിനും വിലക്കില്ല.
ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് നേരിട്ട് യാത്രാവിലക്കുള്ളതിനാൽ പ്രവാസികൾ നേപ്പാൾ, ബഹ്റൈൻ, മാലിദ്വീപ് വഴികളാണ് തെരഞ്ഞെടുത്തിരുന്നത്. മാലി വിലക്കേർപ്പെടുത്തുകയും ബഹ്റൈൻ നിയന്ത്രണങ്ങൾ കടുപ്പിക്കുകയും ചെയ്തതോടെ ഭൂരിപക്ഷം യാത്രക്കാരും നേപ്പാളാണ് തിരഞ്ഞെടുത്തത്.
വിസയും എൻ.ഒ.സിയും ആവശ്യമില്ല എന്നതും നേപ്പാൾ യാത്രക്കാരുടെ എണ്ണം കൂടാൻ കാരണമായി. പതിനായിരത്തോളം സൗദി യാത്രക്കാർ നേപ്പാളിലുണ്ടെന്നാണ് കണക്ക്. 14 ദിവസത്തെ ക്വാറൻറീന് ശേഷം ബുധനാഴ്ച രാത്രി 12 മണിക്ക് മുമ്പ് യാത്രചെയ്യാൻ കഴിയാത്തവർ നേപ്പാളിൽ കുടുങ്ങും.
നേപ്പാൾ അധികൃതരുമായി നടത്തുന്ന ചർച്ച വിജയിച്ചില്ലെങ്കിൽ ഇവർ നാട്ടിലേക്ക് മടങ്ങേണ്ടിവരും. 70,000 മുതൽ ലക്ഷം രൂപ വരെ നൽകി എത്തിയവരാണ് കൂടുതലും. നേപ്പാൾവഴി മറ്റ് രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നേപ്പാളിലെ ഇന്ത്യൻ എംബസി അറിയിച്ചു.
നേപ്പാളിൽ തങ്ങുന്ന ഇന്ത്യക്കാർക്ക് കോവിഡ് ടെസ്റ്റ് നടത്തില്ല എന്ന് കഴിഞ്ഞ ദിവസം നേപ്പാൾ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ, കേന്ദ്രസർക്കാറിെൻറ ഇടപെടലിനെ തുടർന്ന് ടെസ്റ്റിന് അനുമതി നൽകുകയായിരുന്നു. ഇത് പ്രവാസികൾക്ക് ആശ്വാസമേകിയതിന് പിന്നാലെയാണ് യാത്രാവിലക്ക്. യു.എ.ഇ, ഒമാൻ രാജ്യങ്ങളും ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതോടെ ഈ രാജ്യങ്ങളിലെ പ്രവാസികളും ലക്ഷ്യമിട്ടിരുന്നത് നേപ്പാൾ ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.