മുംബൈ: കടുവയെ പിടിച്ച് പല്ലെടുത്തിട്ടുണ്ടെന്ന് പ്രസംഗിച്ച ശിവസേന നേതാവിനെതിരെ വന്യജീവി സംരക്ഷണനിയമപ്രകാരം കേസെടുത്ത് മഹാരാഷ്ട്ര വനംവകുപ്പ്. ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗം നേതാവും ബുൽധാന എം.എൽ.എയുമായ സഞ്ജയ് ഗെയ്ക്വാദിനെതിരെയാണ് കേസെടുത്തത്. എം.എൽ.എ കഴുത്തിലണിഞ്ഞിരുന്ന 'കടുവാപ്പല്ല്' ഫോറൻസിക് പരിശോധനക്കായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഈയിടെ നടന്ന ഒരു പരിപാടിയിലാണ് സഞ്ജയ് ഗെയ്ക്വാദ് വിവാദ പ്രസംഗം നടത്തിയത്. 1987ൽ താൻ ഒരു കടുവയെ വേട്ടയാടിയിട്ടുണ്ടെന്നും പിടികൂടിയ കടുവയുടെ പല്ല് പറിച്ചെടുത്താണ് കഴുത്തിലണിഞ്ഞിരിക്കുന്നതെന്നും ഇദ്ദേഹം പ്രസംഗിച്ചിരുന്നു. ഈ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലായി.
ഇത് ശ്രദ്ധയിൽപെട്ട വനംവകുപ്പ് സ്വമേധയാ കേസെടുക്കുകയായിരുന്നു. എം.എൽ.എയുടെ പ്രസംഗം സത്യമാണോയെന്നും കടുവാപ്പല്ല് യഥാർഥ പല്ലാണോയെന്നും പരിശോധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
കടുവാപ്പല്ലാണെന്ന് തെളിഞ്ഞാൽ 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം എം.എൽ.എക്കെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കും. അതേസമയം, പുലിപ്പല്ല് അല്ല എന്ന് തെളിഞ്ഞാൽ അണികൾക്ക് മുന്നിൽ നാണംകെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ശിവസേന നേതാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.