ഝാർഖണ്ഡിൽ കോൺഗ്രസ് നേതാവ് ബി.ജെ.പിയിൽ

റാഞ്ചി: ഝാർഖണ്ഡിൽ കോൺഗ്രസ് മുൻ വർക്കിങ് പ്രസിഡന്റ് ബി.ജെ.പിയിൽ ചേർന്നു. മനാഷ് സിൻഹയാണ് തെരഞ്ഞെടുപ്പ് അടുത്തെത്തിനിൽക്കെ കൂറുമാറിയത്.

നിലവിലെ ബി.ജെ.പി സംസ്ഥാന വർക്കിങ് പ്രസിഡന്റ് രവീന്ദ്ര റായ്, ഝാർഖണ്ഡിന്റെ ചുമതലയുള്ള അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എന്നിവർ ചേർന്ന് സ്വീകരിച്ചു.  നവംബർ 13, 21 തീയതികളിൽ രണ്ടുഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ്. നവംബർ 23നാണ് വോട്ടെണ്ണൽ.

ബി.ജെ.പി രണ്ടാംഘട്ട പട്ടിക പുറത്തിറക്കി

റാഞ്ചി: ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടിക ബി.ജെ.പി പുറത്തുവിട്ടു. ഭരണകക്ഷിയായ ജെ.എം.എമ്മിന്റെ ശക്തികേന്ദ്രമായി പരിഗണിക്കപ്പെടുന്ന ബാർഹെട്ടിൽ മുഖ്യമന്ത്രി ഹേമന്ത് സോറനെതിരെ ഗംലിയേൽ ഹെംബ്രോൺ മത്സരിക്കും. 2019ൽ എ.ജെ.എസ്.യു ബാനറിൽ മത്സരിച്ച ഹെംബ്രോൺ 2,573 വോട്ടുമായി നാലാം സ്ഥാനത്തായിരുന്നു.

മറ്റൊരു ജെ.എം.എം ശക്തികേന്ദ്രമായ തുണ്ടി സീറ്റിൽ വികാഷ് മഹ്തോയെയുമാണ് ബി.ജെ.പി പരീക്ഷിക്കുന്നത്. 81 നിയമസഭ സീറ്റുകളുള്ള ഝാർഖണ്ഡിൽ ബി.ജെ.പി 68 സീറ്റിലാണ് മത്സരിക്കുന്നത്. ആദ്യഘട്ട പട്ടികയിൽ 66 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. അവശേഷിച്ച രണ്ടു സീറ്റിലേക്കാണ് രണ്ടാംഘട്ടത്തിൽ സ്ഥാനാർഥികളായത്. ബി.ജെ.പി സഖ്യത്തിലുള്ള എ.ജെ.എസ്.യു 10 സീറ്റിൽ മത്സരിക്കുമ്പോൾ ജെ.ഡി (യു) രണ്ട്, എൽ.ജെ.പി (രാം വിലാസ്) ഒന്ന് സീറ്റിലും ജനവിധി തേടും.

അതേസമയം, ഝാർഖണ്ഡിൽ 43 സീറ്റിലേക്കാണ് ജെ.എം.എം അങ്കം കുറിക്കുന്നത്. പാർട്ടി സ്ഥാനാർഥിപ്പട്ടികയും പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞതവണ 43ൽ മത്സരിച്ച പാർട്ടി 30 സീറ്റ് നേടിയിരുന്നു. കോൺഗ്രസും ജെ.എം.എമ്മും ചേർന്ന് 70 സീറ്റിലും ഇൻഡ്യ സഖ്യത്തിലെ മറ്റു കക്ഷികളായ ആർ.ജെ.ഡി, ഇടതുപാർട്ടികൾ എന്നിവ അവശേഷിച്ച 11 സീറ്റിലും മത്സരിക്കും.

2019ൽ 47 സീറ്റോടെ ജയിച്ച ജെ.എം.എം സഖ്യം ബി.ജെ.പിയിൽനിന്ന് അധികാരം പിടിച്ചിരുന്നു. ബി.ജെ.പി 25 സീറ്റിലൊതുങ്ങി. 2.60കോടി വോട്ടർമാരുള്ള സംസ്ഥാനത്ത് ഇൻഡ്യ സഖ്യം ഭരണം നിലനിർത്താനും ബി.ജെ.പി അധികാരം തിരിച്ചുപിടിക്കാനുമാണ് രംഗത്തുള്ളത്.

Tags:    
News Summary - Former Congress Jharkhand unit working president Manash Sinha joins BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.