ന്യൂഡൽഹി: ബി.ജെ.പി എം.പി അഭിജിത് ഗംഗോപാധ്യായ പ്രകോപിപ്പിച്ചതാണ് വഖഫ് ജെ.പി.സി യോഗത്തിൽ വെള്ളക്കുപ്പി പൊട്ടിക്കാൻ കാരണമായതെന്നും ചെയർപേഴ്സൺ ജഗദാംബിക പാലിനെ പൊട്ടിയ കുപ്പികൊണ്ട് എറിയാൻ താനുദ്ദേശിച്ചിരുന്നില്ലെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് കല്യാൺ ബാനർജി. കഴിഞ്ഞയാഴ്ച നടന്ന സംഭവത്തെതുടർന്ന് കല്യാൺ ബാനർജിയെ സസ്പെൻഡ് ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹം സമിതിക്ക് വിശദീകരണം നൽകിയത്. പാർലമെന്റിനെയും പാർലമെന്റ് സമിതികളെയും ആദരിക്കുന്നയാളാണ് താനെന്നും സംഭവത്തിൽ ക്ഷമാപണം നടത്തുകയാണെന്നും മുതിർന്ന അഭിഭാഷകൻകൂടിയായ കല്യാൺ ബാനർജി വ്യക്തമാക്കി.
തന്റെ സംസാരം തടസ്സപ്പെടുത്താൻ നോക്കിയ ബി.ജെ.പി എം.പിയുമായുണ്ടായ വാക്കേറ്റത്തിനിടയിൽ മുന്നിലുണ്ടായിരുന്ന വെള്ളക്കുപ്പി അടിച്ച് പൊട്ടിച്ച് കല്യാൺ ബാനർജി ചെയർപേഴ്സണെ എറിഞ്ഞുവെന്നായിരുന്നു ബി.ജെ.പി എം.പിമാരുടെ ആരോപണം. അദ്ദേഹത്തെ സഭയിൽനിന്ന് സസ്പെൻഡ് ചെയ്യണമെന്നും ബി.ജെ.പി എം.പിമാർ ആവശ്യപ്പെട്ടു.
എന്നാൽ, ഗംഗോപാധ്യായ ശബ്ദമുയർത്തിയപ്പോൾ ചോദ്യം ചെയ്തുവെന്നും തുടർന്നും അദ്ദേഹം നിന്ദ്യമായ വാക്കുകൾ തനിക്കുനേരെ ഉപയോഗിച്ചുവെന്നും ബാനർജി വിശദീകരിച്ചു. മോശമായ ഭാഷ അദ്ദേഹം തുടർന്നപ്പോഴാണ് താൻ പ്രകോപിതനായതെന്നും ബാനർജി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.