ന്യൂഡൽഹി: ജനകീയ പ്രക്ഷോഭത്തെ തുടർന്ന് രാജ്യംവിട്ടോടി ഇന്ത്യയിൽ അഭയം തേടിയ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന ഇപ്പോൾ എവിടെയാണെന്ന് പലരും അന്വേഷിക്കുകയാണ്. ആഗസ്റ്റ് അഞ്ചിനാണ് ഹസീന ഇന്ത്യയിലെത്തിയത്. ബംഗ്ലാദേശ് എയർഫോഴ്‌സ് വിമാനത്തിൽ രക്ഷപ്പെട്ട ഹസീനയും അടുത്ത സുഹൃത്തുക്കളും ഗാസിയാബാദിലെ ഹിൻഡൺ എയർ ബേസിലാണ് എത്തിയത്. തുടർന്ന് രണ്ട് ദിവസം ഇവിടെ തങ്ങി മറ്റൊരിടത്തേക്ക് മാറുകയായിരുന്നെന്നാണ് റിപ്പോർട്ട്. ഹസീന എങ്ങോട്ട് പോയെന്ന് ഇതോടെ നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു.
രണ്ട് മാസത്തിലേറെയായി ന്യൂ ഡൽഹിയിലെ ലുതിയൻസ് ബംഗ്ലാവ് സോണിലാണ് ശൈഖ് ഹസീന കഴിയുന്നതെന്ന് ദി പ്രിന്‍റ് റിപ്പോർട്ട് ചെയ്യുന്നു. മന്ത്രിമാർ, മുതിർന്ന പാർലമെൻ്റ് അംഗങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്ക് സാധാരണയായി അനുവദിക്കുന്ന ബംഗ്ലാവാണ് ഹസീനക്ക് നൽകിയിരിക്കുന്നത്. അതിസുരക്ഷാ സന്നാഹം ഇവിടെ ഒരുക്കിയിട്ടുണ്ട്. 77കാരിയായ ഹസീന, ഇടയ്ക്ക് ലോധി ഗാർഡനിൽ നടക്കാൻ പോകാറുണ്ടെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. ഹസീനയുടെ താമസസ്ഥലം കേന്ദ്രസർക്കാർ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
ശൈഖ് ഹസീനക്കെതിരെ ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ കഴിഞ്ഞ ദിവസം അറസ്റ്റ് വാറന്‍റ് പ്രഖ്യാപിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത് നവംബർ 18ന് കോടതിയിൽ ഹാജരാക്കാനാണ് ഉത്തരവ്. മനുഷത്വത്തിനെതിരായ കുറ്റകൃത്യം ചെയ്തുവെന്നാണ് ആരോപണം. പ്രക്ഷോഭ കാലത്ത് പൊലീസുകാർ ഉൾപ്പെടെ 700ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് കണക്ക്. വംശഹത്യ, കൊലപാതകം തുടങ്ങി 84 േകസുകളാണ് ശൈഖ് ഹസീനക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.