ന്യൂഡൽഹി: ഡൽഹി, ബംഗാൾ സർക്കാറുകൾക്കെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആയുഷ്മാൻ ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ടാണ് വിമർശനം. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട വികസന പദ്ധതികൾ അവതരിപ്പിക്കുമ്പോഴായിരുന്നു മോദിയുടെ വിമർശനം. 70 വയസിന് മുകളിലുള്ള ആളുകൾക്കുള്ള ആയുഷ്മാൻ ഭാരത് പദ്ധതി ഇരു സംസ്ഥാനങ്ങളും രാഷ്ട്രീയകാരണങ്ങളാൽ നടപ്പിലാക്കുന്നില്ലെന്നായിരുന്നു മോദിയുടെ പരാമർശം.
ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ആനുകൂല്യം പശ്ചിമബംഗാൾ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങൾക്ക് ലഭിക്കില്ല. ഇരു സംസ്ഥാനങ്ങളും രാഷ്ട്രീയകാരണങ്ങളാൽ പദ്ധതി നടപ്പാക്കാത്തത് കൊണ്ടാണ് ഇതെന്നും മോദി പറഞ്ഞു. 70 വയസിന് മുകളിൽ പ്രായമുള്ള ഡൽഹിയിലേയും പശ്ചിമബംഗാളിലേയും എല്ലാ മുതിർന്ന പൗരൻമാരോടും താൻ മാപ്പ് ചോദിക്കുകയാണ്.
കാരണം നിങ്ങളെ സേവിക്കാൻ എനിക്ക് സാധിക്കുന്നില്ല. നിങ്ങളെ കുറിച്ച് എനിക്കറിയാം പക്ഷേ, നിങ്ങളെ സഹായിക്കാൻ സാധിക്കുന്നില്ല. ഇതിനുള്ള കാരണം ഡൽഹി, പശ്ചിമബംഗാൾ സർക്കാറുകൾ പദ്ധതിയിൽ ചേരാത്തത് കൊണ്ടാണെന്നും അദ്ദേഹം വിമർശിച്ചു.
രാഷ്ട്രീയലക്ഷ്യങ്ങൾ മുൻനിർത്തി ഡൽഹിയിലേയും പശ്ചിമബംഗാളിലേയും അസുഖബാധിതരായ ജനങ്ങളെ സഹായിക്കാതിരിക്കുന്നത് മനുഷത്വപരമായ നടപടിയാണോയെന്നും അദ്ദേഹം ചോദിച്ചു. മുമ്പ് ചികിത്സക്കായി വീടും സ്ഥലവും ആഭരണവും വിൽക്കുന്ന ഒരു കാലമുണ്ടായിരുന്നു. ചികിത്സച്ചെലവ് കേട്ട് പാവങ്ങൾ ഞെട്ടുന്ന കാലമായിരുന്നു അത്. ഈ നിസ്സഹായവസ്ഥയിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കുന്നതിന് വേണ്ടിയാണ് ആയുഷ്മാൻ ഭാരത് പദ്ധതി അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.