ന്യൂഡല്‍ഹി: ചികിത്സക്കായും ലഹരിക്കായും ഉപയോഗിക്കുന്ന മെത്താംഫെറ്റാമൈൻ (മെത്) അനധികൃതമായി നിർമിക്കുന്ന ലാബ് കണ്ടെത്തി നശിപ്പിച്ച് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി). സംഭവവുമായി ബന്ധപ്പെട്ട് തിഹാർ ജയിൽ വാർഡനും രണ്ട് കച്ചവടക്കാരുമടക്കം അഞ്ചുപേർ പിടിയിലായി. ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ് നഗര്‍ ജില്ലയിലെ കസാന ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് ലാബ് പ്രവർത്തിച്ചിരുന്നത്. ദ്രാവകാവസ്ഥയിലും ഖരാവസ്ഥയിലുമുള്ള 95 കിലോഗ്രാം മെത്താംഫെറ്റാമൈൻ പിടികൂടിയതായി എൻ.സി.ബി അറിയിച്ചു.
രഹസ്യ വിവരത്തെതുടർന്ന് ഡല്‍ഹി പൊലീസും എൻ.സി.ബിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിർമാണകേന്ദ്രം കണ്ടെത്തിയത്. ആഭ്യന്തരവിപണിക്ക് പുറമെ പ്രതികൾ വിദേശത്തേക്ക് ലഹരി കയറ്റിയയക്കാനും ലക്ഷ്യമിട്ടിരുന്നു. മെക്‌സിക്കന്‍ ക്രിമിനല്‍ സംഘമായ ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടൽ (സി.ജെ.എൻ.ജി) ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പ്രസ്താവനയില്‍ പറയുന്നു.
അസെറ്റോണ്‍, സോഡിയം ഹൈഡ്രോക്‌സൈഡ്, മെഥിലീന്‍ ക്ലോറൈഡ്, പ്രീമിയം ഗ്രേഡ് എഥനോള്‍, റെഡ് ഫോസ്ഫറസ്, ഈഥൈല്‍ അസെറ്റേറ്റ് തുടങ്ങിയ രാസവസ്തുക്കളും മയക്കുമരുന്ന് നിര്‍മാണത്തിനായി വിദേശത്തുനിന്ന് എത്തിച്ച ഉപകരണങ്ങളും തെരച്ചിലിൽ കണ്ടെത്തിയിട്ടുണ്ട്.
പിടിയിലായവരിലെ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കച്ചവടക്കാരനും തിഹാർ ജയിൽ വാർഡനുമാണ് ലഹരിനിർമാണകേന്ദ്രത്തിന് പിന്നിലെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.