റാഞ്ചി: ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ റാഞ്ചി പ്രത്യേക പി.എം.എൽ.എ കോടതി (കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രത്യേക കോടതി) അഞ്ചു ദിവസത്തെ ഇ.ഡി കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. പത്തുദിവസം റിമാൻഡിൽ വേണമെന്നാണ് ഇ.ഡി ആവശ്യപ്പെട്ടത്.
സുരക്ഷ പ്രശ്നങ്ങളുള്ളതിനാൽ ഹേമന്തിനെ രാത്രി ജയിലിൽ തങ്ങാൻ അനുവദിക്കണമെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ അഡ്വ. ജനറൽ രാജീവ് രഞ്ജൻ സിങ് അഭ്യർഥിച്ചു. ഇക്കാര്യത്തിൽ കോടതി തീരുമാനമെടുത്തിട്ടില്ല. നടക്കുന്നത് സർക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണെന്നും ഒരു കാര്യത്തിനും തെളിവില്ലെന്നും സിങ് കോടതിയിൽ പറഞ്ഞു.
അതിനിടെ, ഹേമന്തിന്റെ അറസ്റ്റിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഇ.ഡി നടപടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഝാർഖണ്ഡ് ഹൈകോടതിയെ സമീപിക്കണമെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം.എം.സുന്ദരേശ്, ബേല എം. ത്രിവേദി എന്നിവരുടെ പ്രത്യേക ബെഞ്ച് ഹേമന്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ കപിൽ സിബലിനോടും അഭിഷേക് സിംഗ്വിയോടും ആവശ്യപ്പെട്ടു.
ഇത് മുഖ്യമന്ത്രിയെ അറസ്റ്റു ചെയ്ത അന്യായമായ വിഷയമാണെന്നും ഇത്തരം കേസുകളിൽ ഉന്നത കോടതി വ്യക്തമായ സന്ദേശം നൽകേണ്ടതുണ്ടെന്നും സിബൽ പറഞ്ഞു. എന്നാൽ, ഈ വാദത്തോട് പ്രതികരിച്ച ജസ്റ്റിസ് ഖന്ന ഇങ്ങനെ പ്രതികരിച്ചു: ‘കോടതിയെ ആർക്കും സമീപിക്കാം. ഹൈകോടതികളും ഭരണഘടന കോടതികളാണ്. ഒരാളെ സുപ്രീംകോടതിയെ സമീപിക്കാൻ അനുവദിച്ചാൽ, എല്ലാവരെയും അനുവദിക്കേണ്ടി വരും’.
കേസ് ഹൈകോടതി പെട്ടെന്ന് പരിഗണിക്കാൻ നിർദേശം നൽകണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. ഹൈകോടതിയെ നിയന്ത്രിക്കേണ്ട കാര്യമില്ലെന്ന് ബെഞ്ച് പറഞ്ഞു. ഇ.ഡിയുടെ വാദം കേൾക്കാതെ ഹേമന്തിന്റെ ജാമ്യം പരിഗണിക്കില്ലെന്ന് ഹൈകോടതി വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.
അറസ്റ്റ് അനാവശ്യവും നിയമവിരുദ്ധവുമാണെന്ന് വിധിക്കണമെന്ന് അഭ്യർഥിച്ചാണ് ഹേമന്ത് സുപ്രീംകോടതിയെ സമീപിച്ചത്. തനിക്കെതിരായ നടപടി മൗലികാവകാശ ലംഘനമാണെന്നും ഹേമന്ത് ഹരജിയിൽ പറഞ്ഞു. ഝാർഖണ്ഡ് ഹൈകോടതിയെയാണ് ഹേമന്തിനുവേണ്ടി ആദ്യം സമീപിച്ചതെങ്കിലും ഹരജി പിൻവലിച്ച് സുപ്രീംകോടതിയിലേക്ക് നീങ്ങാൻ പിന്നീട് കപിൽ സിബലും അഭിഷേക് സിങ്വിയുമടക്കമുള്ളവർ തീരുമാനമെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.