ന്യൂഡൽഹി: സി.ബി.െഎ ഡയറക്ടറായി മധ്യപ്രദേശ് മുൻ ഡി.ജി.പി ഋഷി കുമാർ ശുക്ലയെ നിയമിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സെലക്ഷൻ കമ്മറ്റി യോഗത്തിലാണ് ഋഷി കുമാർ ശുക്ലയെ സി.ബി.െഎ മേധാവിയായി നിയമിക്കാൻ തീരുമാനിച്ചത്.
1983 ബാച്ച് െഎ.പി.എസ് ഉദ്യോഗസ്ഥനായ ശുക്ല രണ്ട് വർഷമാണ് സി.ബി.െഎ മേധാവിയായി തുടരുക. തൽസ്ഥാനത്തേക്ക് യോഗ്യതയുള്ള 30 പേരുടെ ലിസ്റ്റിൽ നിന്നാണ് ശുക്ലയെ തെരഞ്ഞെടുത്തത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൂടാതെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവരാണ് ഉന്നതാധികാര സമിതിയിലെ അംഗങ്ങൾ. സെലക്ഷന് സമിതിയോഗം തയാറാക്കിയ ഏറ്റവും യോഗ്യരായ അഞ്ച് ഉദ്യോഗസ്ഥരുടെ ചുരുക്കപ്പെട്ടിക മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എതിര്‍ത്തിരുന്നു. മല്ലികാർജുൻ ഖാർഗെയുടെ എതിർപ്പിനെ അവഗണിച്ച് അതേ ലിസ്റ്റിൽ നിന്നാണ് ശുക്ലയെ നിയമിച്ചത്.
മുൻ സി.ബി.െഎ ഡയറക്ടർ അലോക് വർമയുടെ രാജിയെ തുടർന്ന് എം.നാഗേശ്വര റാവു ഇടക്കാല ഡയറക്ടറായി ചുമതലയേറ്റിരുന്നു. സി.ബി.െഎക്ക് പുതിയ ഡയറക്ടറെ നിയമിക്കാൻ കാലതാമസം വരുന്നതിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
ഡി.ജി.പി സ്ഥാനത്തുനിന്ന് മാറ്റിയത് മൂന്നുദിവസം മുമ്പ് മാത്രം
പുതിയ ഡയറക്ടർ ഋഷികുമാർ ശുക്ലയെ മധ്യപ്രദേശ് ഡി.ജി.പി സ്ഥാനത്തുനിന്ന് പൊലീസ് ഹൗസിങ് കോർപറേഷൻ ചെയർമാൻ സ്ഥാനത്തേക്ക് ഒതുക്കിയത് മൂന്നുദിവസം മുമ്പുമാത്രം. സംസ്ഥാനത്തെ ക്രമസമാധാന നിലയിൽ പുതിയ മുഖ്യമന്ത്രി കമൽനാഥ് അതൃപ്തി പ്രകടിപ്പിച്ചതിനു പിന്നാലെയായിരുന്നു ഇത്. സി.ബി.െഎയിൽ പ്രവർത്തിച്ച് പരിചയമില്ലെന്ന പോരായ്മ നിയമന ഘട്ടത്തിൽ ചർച്ചയായിരുന്നു. അലോക് വർമക്കും ഇൗ പരിചയം ഉണ്ടായിരുന്നില്ല. അതാണ് പിന്നീടുള്ള ഏറ്റുമുട്ടലുകൾക്ക് ഇടയാക്കിയത്.
സി.ബി.െഎ മേധാവി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടവരിൽ, 13 വർഷം സി.ബി.െഎയിൽ പ്രവർത്തന പരിചയമുള്ള യു.പി േകഡർ െഎ.പി.എസ് ഉദ്യോഗസ്ഥൻ ജാവീദ് അഹ്മദ്, ആറുവർഷം പ്രവർത്തിച്ച ബി.എസ്.എഫ് ഡയറക്ടർ ജനറൽ രജനീകാന്ത് മിശ്ര എന്നിവരുണ്ടായിരുന്നു.
അഞ്ചുപേരുടെ പട്ടികയാണ് ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരുൾപ്പെട്ട നിയമന സമിതി സർക്കാറിലേക്ക് ശിപാർശ ചെയ്തത്. അതിൽനിന്നാണ് ശുക്ലയെ നിശ്ചയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.