വഖഫ് ബോർഡ് റിയൽ എസ്റ്റേറ്റ് കമ്പനി, തിരുമല ക്ഷേത്രം അങ്ങനെയല്ല; ഉവൈസിയെ തള്ളി ബി.ആർ. നായിഡു

ഹൈദരാബാദ്: വഖഫ് ബോർഡിനെ തിരുമല ക്ഷേത്ര ഭരണസമിതിയുമായി താരതമ്യം ചെയ്ത എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയെ തള്ളി ബി.ആർ. നായിഡു. തിരുമല തിരുപ്പതി ദേവസ്ഥാനം ചെയർമാനാണ് ബി.ആർ. നായിഡു. വഖഫ് ബോർഡ് റിയൽ എസ്റ്റേറ്റ് കമ്പനിയാണ്. എന്നാൽ തിരുമല ക്ഷേത്രമാണ്. അതിനാൽ ഇരു സ്ഥാപനങ്ങളും തമ്മിലുള്ള താരതമ്യം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ (ടി.ടി.ഡി) ട്രസ്റ്റികളാകാൻ മുസ്‍ലിംകൾക്ക് കഴിയുന്നില്ലെങ്കിൽ പിന്നെ എങ്ങനെയാണ് ഒരു അമുസ്‍ലിം വഖഫ് ബോർഡിൽ ഉണ്ടാവുകയെന്നാണ് ഉവൈസി കഴിഞ്ഞാഴ്ച പറഞ്ഞത്. ​​'ഈ പ്രസ്താവന തന്നെ അടിസ്ഥാന രഹിതമാണ്. വഖഫ് ബോർഡ് ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയാണ്. ഇതിനെ എങ്ങനെയാണ് അദ്ദേഹം തിരുമലയുമായി താരതമ്യപ്പെടുത്തുന്നത്? തിരുമല ഒരു ഹിന്ദു ക്ഷേത്രമാണ്. അഹിന്ദുക്കൾ തിരുമലയിൽ ഉണ്ടാകരുതെന്ന് വർഷങ്ങളായി ആവശ്യമുണ്ട്. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമല്ല. ഹിന്ദുക്കൾ മാത്രമേ അവിടെ ഉണ്ടാകാവൂ എന്നാണ് സനാതന ധർമം പറയുന്നത്.''-ബി.ആർ. നായിഡു പറഞ്ഞു.

രണ്ട് അമുസ്‌ലിംകളെ പാനലിൽ ഉൾപ്പെടുത്തുന്നത് നിർബന്ധമാക്കുന്ന മോദി സർക്കാരിന്റെ നിർദിഷ്ട വഖഫ് ഭേദഗതി ബിൽ തെറ്റാണെന്നും ഉവൈസി അഭിപ്രായപ്പെട്ടിരുന്നു.

ടി.ടി.ഡി ബോർഡിലെ 24 അംഗങ്ങളിൽ ഒരാൾ പോലും അഹിന്ദുവല്ല. ടി.ടി.ഡിയുടെ പുതിയ ചെയർമാൻ പറയുന്നത് അവിടെ ജോലി ചെയ്യുന്നവർ ഹിന്ദുക്കളായിരിക്കണമെന്നാണ്. ഞങ്ങളും അതിന് എതിരല്ല. എന്നാൽ കേന്ദ്ര വഖഫ് കൗൺസിലിൽ രണ്ട് അമുസ്‍ലിം അംഗങ്ങളെ നിർബന്ധമാക്കിയ മോദിസർക്കാറിന്റെ നയത്തോട് വിയോജിപ്പ് ഉണ്ട്. എന്തിനാണ് ഈ വ്യവസ്ഥ കൊണ്ടുവരുന്നത്.- എന്നാണ് ഉവൈസി പറഞ്ഞത്.

ടി.ടി.ഡി ഹിന്ദു മതത്തിന്റെ ബോർഡാണ്. വഖഫ് ബോർഡ് മുസ്‍ലിംകളുടെയും. മുസ്‍ലിംകൾക്ക് ടി.ടി.ഡിയുടെ ട്രസ്റ്റികളാകാൻ കഴിയില്ലെന്നിരിക്കെ അമുസ്‍ലിം ആയ ഒരാൾ വഖഫ് ബോർഡിൽ എങ്ങനെയായിരിക്കും പ്രവർത്തിക്കുകയെന്നും ഉവൈസി ചോദിക്കുകയുണ്ടായി. തിരുമലയിൽ ജോലി ചെയ്യുന്ന അഹിന്ദുക്കളെ സ്ഥലം മാറ്റുകയോ സ്വയം വിരമിക്കാൻ അനുവദിക്കുകയോ ചെയ്യണമെന്ന ആവശ്യം കേന്ദ്രവുമായി ചർച്ച ചെയ്യുമെന്ന് ബി.ആർ. നായിഡു വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - TTD chief rejects Asaduddin Owaisi's Tirumala comparison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.