മുൻ എം.പി ഡോ. മസ്താന്‍റെ മരണം കൊലപാതകം: ബന്ധു ഉൾപ്പെടെ അഞ്ച് പ്രതികൾ അറസ്റ്റിൽ

ചെന്നൈ: ഡി.എം.കെ ന്യൂനപക്ഷ ക്ഷേമ വിഭാഗം നേതാവും എ.ഐ.ഡി.എം.കെ മുൻ രാജ്യസഭാംഗവുമായിരുന്ന ഡോ. ഡി. മസ്താന്‍റെ (66) മരണം കൊലപാതകമാണെന്ന് പൊലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ബന്ധു ഉൾപ്പെടെ അഞ്ചു പ്രതികളെ അറസ്റ്റ് ചെയ്തു. ബന്ധു ഇമ്രാൻ, തൗഫീഖ്, സുൽത്താൻ, നാസർ, ലോകേഷ് എന്നിവരാണ് അറസ്റ്റിലായത്.

ഡിസംബർ 22നാണ് ഡോ. മസ്താൻ മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് കരുതിയിരുന്നത്. എന്നാൽ, മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മകൻ ഷാനവാസ്, കുടുവാഞ്ചേരി പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബന്ധുവുമായുണ്ടായ സാമ്പത്തിക തർക്കത്തെ തുടർന്നാണ് കൊലപാതകം നടന്നതെന്ന് കണ്ടെത്തിയത്. ഡിസംബർ 22ന് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ചെന്നൈയിൽനിന്ന് ചെങ്കൽേപട്ടിലേക്ക് പോകുകയായിരുന്നു മസ്താൻ.

ബന്ധുവും പ്രതികളിലൊരാളുമായ ഇമ്രാനും ഒപ്പമുണ്ടായിരുന്നു. വഴിയിൽ നെഞ്ചുവേദന അനുഭവപ്പെട്ടതായും കാഞ്ചിപുരം ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായുമാണ് വാർത്ത പ്രചരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായി. പിന്നീട് നടന്ന ചോദ്യംചെയ്യലിലാണ് ഇമ്രാൻ കുറ്റം സമ്മതിച്ചത്.

15 ലക്ഷം രൂപ കടം വാങ്ങിയെന്നും പണം തിരികെ നൽകാൻ ആവശ്യപ്പെട്ടപ്പോൾ സുൽത്താനും സുഹൃത്തുക്കളുമായി ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും ഇമ്രാൻ പറഞ്ഞു. യാത്രക്കിടെ മറ്റു പ്രതികളും മസ്താന്‍റെ കാറിൽ കയറി. പിൻസീറ്റിലിരുന്ന നാസർ, മസ്താന്‍റെ കൈകൾ പിടിച്ചെന്നും സുൽത്താൻ മൂക്കിലും വായിലും കൈ അമർത്തി ശ്വാസം മുട്ടിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

മറ്റൊരു കാറിൽ പിന്തുടർന്ന ലോകേഷും തൗഫീഖും ചേർന്നാണ് ഇവരെ രക്ഷപ്പെടാൻ സഹായിച്ചത്. നേരത്തേ എ.ഐ.ഡി.എം.കെയിലായിരുന്ന ഡോ. മസ്താൻ പിന്നീട് ഡി.എം.കെയിൽ ചേരുകയായിരുന്നു. ഇദ്ദേഹം ബന്ധുക്കളുമായി ചേർന്ന് ആശുപത്രി നടത്തുകയായിരുന്നു. 

Tags:    
News Summary - Former MP Dr. Masthan's death murder: Five accused including a relative arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.