മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാം ജിഹാദിയായിരുന്നെന്ന ആേരാപണവുമായി ഹിന്ദു പുരോഹിതൻ. കുളത്തിൽ നിന്ന് വെള്ളം കുടിച്ചതിന്‍റെ പേരിൽ മുസ്ലിം ബാലനെ മർദിച്ച ക്ഷേത്രമായ ദസ്ന ദേവി ക്ഷേത്രത്തിലെ മുഖ്യപുരോഹിതനായ യതി നരസിംഘാനന്ദ് സരസ്വതിയാണ് അബ്ദുൽകലാമിനെ ജിഹാദിയെന്ന് വിളിച്ചത്. ഡി.ആർ.ഡി.ഒയുടെ മേധാവിയായിരുന്ന കാലത്ത് അബ്ദുൽകലാം അണുബോംബിന്‍റെ ഫോർമുല പാകിസ്ഥാന് വിറ്റതായും നരസിംഘാനന്ദ് പറഞ്ഞു.
ഉന്നത പദവികളിലെത്തുന്ന ഒരു മുസ്ലിമിനും രാജ്യസ്നേഹം ഉണ്ടാകില്ലെന്നും അതിനാൽതന്നെ കലാം ജിഹാദിയാണെന്നുമായിരുന്നു പുരോഹിതന്‍റെ വാദം. രാഷ്ട്രപതിയായിരുന്ന കാലത്ത് അബ്ദുൽകലാം രാഷ്ട്രപതിഭവനിൽ മുസ്ലിംകൾക്കായി പ്രത്യേക സെൽ രൂപീകരിച്ചിരുന്നതായും യതി പറഞ്ഞു. എന്തെങ്കിലും പ്രയാസങ്ങൾ അനുഭവിക്കുന്ന മുസ്ലിംകൾക്ക് അവിടെ പരാതി പറയാൻ പ്രത്യേക അവസരം ഉണ്ടായിരുന്നതായും പുരോഹിതൻ പറയുന്നു. അലിഗറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് യതി തന്‍റെ വാദങ്ങൾ നിരത്തിയത്.
യതി പുരോഹിതനായ ഇതേ ക്ഷേത്രത്തിലാണ് അമ്പലക്കുളത്തിൽ നിന്ന് വെള്ളം കുടിച്ചതിന്‍റെ പേരിൽ മുസ്ലിം ബാലനെ മർദിക്കുകയും അതിന്‍റെ വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തത്. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിഹാർ സ്വദേശിയായ ശ്രീരംഗി നാനാദ് യാദവിനെയാണ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പേര് ചോദിക്കുന്നതും തുടർന്ന് ക്രൂരമായി മർദിക്കുന്നതും വിഡിയോയിൽ കാണാമായിരുന്നു.
ബിഹാറിലെ ബഗൽപുർ സ്വദേശിക്കാണ് മർദനമേറ്റത്. പ്രതി ആദ്യം കുട്ടിയുടെ പേരും പിന്നീട് പിതാവിന്‍റെ പേരും ചോദിച്ചു. തുടർന്ന് ക്ഷേത്രത്തിൽ കയറിയത് എന്തിനാണെന്നായിരുന്നു പ്രതിയുടെ ചോദ്യം. വെള്ളം കുടിക്കാൻ പോയതാണെന്ന മറുപടി ലഭിച്ചതോടെ ബാലനെ ക്രൂരമായി മർദ്ദിക്കുന്നതും വിഡിയോയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.