ചെന്നൈ: മുൻ ഭാര്യയുടെ വീട്ടിൽ അതിക്രമിച്ചുകയറി വീട്ടുജോലിക്കാരനെ മർദിച്ചെന്ന പരാതിയിൻമേൽ തമിഴ്നാട് മുൻ സ്പെഷ്യൽ ഡി.ജി.പി രാജേഷ് ദാസ് അറസ്റ്റിൽ.
ഈയിടെ വനിതാ എസ്.പിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രാജേഷ് ദാസിനെ വിഴുപ്പുറം ജില്ല കോടതി മൂന്നു വർഷം തടവിന് ശിക്ഷിച്ചിരുന്നു. പിന്നീട് മദ്രാസ് ഹൈകോടതിയും വിധി ശരിവെച്ചു. തുടർന്ന് രാജേഷ് ദാസ് നൽകിയ ഹരജിയിൽ സുപ്രീം കോടതി അറസ്റ്റിന് ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നു. ഭർത്താവ് ലൈംഗികാരോപണത്തിൽ കുടുങ്ങിയതോടെ തമിഴ്‌നാട് സർക്കാറിന്റെ നിലവിലെ ഊർജ സെക്രട്ടറിയായ ഭാര്യ ബീല വേർപിരിഞ്ഞു.
ബീല രാജേഷ് എന്ന പേരിന് പകരം പിതാവിന്റെ പേര് ചേർത്ത് ബീല വെങ്കിടേശൻ എന്നാക്കി മാറ്റി. ചെങ്കൽപട്ട് ജില്ലയിലെ തയ്യൂരിൽ രാജേഷ് ദാസും ബീലയും ഭാര്യാഭർത്താക്കന്മാരായി ജീവിക്കുമ്പോൾ ഒരു ബംഗ്ലാവ് വീട് വാങ്ങിയിരുന്നു. ഇരുവരും വേർപിരിഞ്ഞതോടെ വീട് ബീല വെങ്കിടേശൻ നിയോഗിച്ച കാവൽക്കാരന്റെ നിയന്ത്രണത്തിലായിരുന്നു.
ഇതിനിടെ, ഏപ്രിൽ 18ന് തയ്യൂരിലെ വീട്ടിലെത്തി സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചോടിക്കുകയായിരുന്നു രാജേഷ് ദാസ്. പിന്നാലെ രാജേഷ് ദാസും മറ്റുചിലരും വീട്ടിൽ താമസമാരംഭിക്കുകയും ചെയ്തു. സംഭവത്തിൽ ബീല വെങ്കിടേശൻ കേളമ്പാക്കം പൊലീസിൽ പരാതി നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ രാജേഷ് ദാസ് അറസ്റ്റിലാവുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.