ശ്രീനഗർ: ജമ്മുകശ്മീരിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടന്ന നാല് ഏറ്റുമുട്ടലുകളിലായി ലശ്കറെ ത്വയ്യിബ ഭീകരരുൾപ്പെടെ മൂന്നു ഭീകരരെ വധിച്ചതായി പൊലീസ്. നാല് തീവ്രവാദികളെ പിടികൂടിയതായും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തുവെന്നും ഡി.ജി.പി ദിൽഭാഗ് സിങ് അറിയിച്ചു.
വടക്കൻ കശ്മീരിലെ കുപ്വാര ജില്ലയിലെ ഹന്ദ്വാരയിലെ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ലശ്കറെ ത്വയ്യിബ തീവ്രവാദികൾ കൊല്ലപ്പെട്ടു. ഇതിൽ ഒരാൾ ലശ്കർ കമാൻഡറായ നസീറുദിൻ ലോൻ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ ഏപ്രിൽ 18ന് സോപൂരിലും മേയ് നാലിന് ഹന്ദ്വാരയിലും സി.ആർപിഎഫ് ജവാൻമാരെ കൊലപ്പെടുത്തിയ കേസിൽ ഉൾപ്പെട്ട പ്രതിയാണെന്ന് കശ്മീർ ഐ.ജി.പി വിജയ് കുമാർ അറിയിച്ചു.
കുൽഗാമിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് സൈന്യം സംയുക്തമായി നടത്തിയ തെരച്ചിലിൽ ഹിസ്ബുൽ മുജാഹിദ്ദീൻ ഭീകരൻ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ രഷപ്പെട്ട രണ്ടുപേർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
ഈ രണ്ട് ഏറ്റുമുട്ടലുകൾക്ക് പുറമെ ഷോപ്പിയാനിലും സൗത്ത് കശ്മീരിലുമുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ അറസ്റ്റ് ചെയ്യുകയും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുക്കുകയും ചെയ്തു.
ആഗസ്റ്റ് 19 ന് ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദിയെ കൊലപ്പെടുത്തിയിരുന്നു.കശ്മീരിൽ നാലു ദിവസങ്ങൾക്കിടെ നടത്തിയ തീവ്രവാദ വിരുദ്ധ മുന്നേറ്റത്തിൽ ആറു തീവ്രവാദികളെയാണ് വധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.