ന്യൂഡൽഹി: ന്യൂനപക്ഷ പദവി അനുവദിക്കണമെങ്കിൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ 25-50 ശതമാനം വിദ്യാർഥികൾ ബന്ധപ്പെട്ട ന്യൂനപക്ഷ സമുദായത്തിൽ നിന്നാകണമെന്ന നാല് സംസ്ഥാനങ്ങളുടെ ഉപാധി ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമീഷൻ ചോദ്യംചെയ്തു. ഈ ഉപാധി മാറ്റി ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ജനസംഖ്യക്ക് ആനുപാതികമായ ശതമാനം വിദ്യാർഥികൾ വേണം എന്നാക്കി മാറ്റാൻ കമീഷൻ തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടക സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
ന്യൂനപക്ഷ സമുദായങ്ങൾക്ക് അവരുടെ ഉന്നമനത്തിനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാനും നടത്താനും അധികാരം നൽകുന്ന ഭരണഘടന വ്യവസ്ഥ പ്രകാരം ലഭിക്കുന്നതാണ് ന്യൂനപക്ഷ പദവി. മറ്റ് സംവരണ വ്യവസ്ഥകൾ ബാധകമല്ലാത്ത അത്തരം സ്ഥാപനങ്ങളിൽ 50 ശതമാനം വരെ ആ സമുദായത്തിലെ വിദ്യാർഥികൾക്ക് പ്രവേശനം നൽകാം.
എന്നാൽ തമിഴ്നാട് സർക്കാർ നയമനുസരിച്ച് ന്യൂനപക്ഷ പദവിയുള്ള വിദ്യാഭ്യാസ സ്ഥാപനത്തിൽ 50 ശതമാനം വിദ്യാർഥികൾ നിർബന്ധമായും ബന്ധപ്പെട്ട ന്യൂനപക്ഷ സമുദായത്തിൽ നിന്നാകണം. തെലങ്കാനയിൽ 30 ശതമാനവും കർണാടകയിൽ 25 ശതമാനവും ഈ തരത്തിൽ അതേ സമുദായത്തിലുള്ള വിദ്യാർഥികളാകണം. ഈ സംസ്ഥാനങ്ങൾ നിശ്ചയിച്ച ശതമാനം വിദ്യാർഥികളില്ലെങ്കിൽ ന്യൂനപക്ഷ പദവി ലഭിക്കില്ലെന്ന വ്യവസ്ഥ നടപ്പാക്കിയാൽ ജനസംഖ്യ കുറഞ്ഞ പാഴ്സി, ജൈന, കൃസ്ത്യൻ, ബുദ്ധ, സിഖ് സമുദായങ്ങളുടെ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവി ലഭിക്കില്ലെന്ന് ഇതിനെതിരെ പരാതി നൽകിയവർ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.