ന്യൂഡൽഹി: സെപ്റ്റംബർ 9-10 തിയതികളിൽ നടക്കുന്ന ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ ഒരുങ്ങുന്നുന്നതിനിടെ ഇതുസംബന്ധിച്ച് കൂടുതൽ വാർത്തകൾ പുറത്ത് വരികയാണ്. ലോകത്തെ പ്രമുഖ നേതാക്കളും വിദേശ പ്രതിനിധികളും ഒത്തുചേരുന്നതിനാൽ ഹോട്ടലുകളെല്ലാം വി.വി.ഐ.പി.കൾക്ക് പ്രത്യേക രീതിയിൽ ആതിഥേയത്വം വഹിക്കാൻ തയ്യാറെടുക്കുകയാണ്.
ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും നേർക്കാഴ്ചകൾ പ്രദർശിപ്പിച്ചുകൊണ്ട് രാഷ്ട്രത്തലവന്മാർക്കും മറ്റ് ലോക നേതാക്കൾക്കും വെള്ളിയും സ്വർണ്ണവും പൂശിയ പാത്രങ്ങളിലാണ് ഭക്ഷണം വിളമ്പുന്നത്. ഐ.ടി.സി താജ് ഉൾപ്പെടെയുള്ള 11 ഹോട്ടലുകളിലേക്കാണ് വിശിഷ്ട പാത്രങ്ങൾ നൽകിയിട്ടുണ്ടെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനി അറിയിച്ചു.
'മൂന്ന് തലമുറകളായി തങ്ങൾ ഈ പാത്രങ്ങൾ നിർമ്മിക്കുന്നുണ്ടെന്നും വിദേശ സന്ദർശകർക്ക് അവരുടെ ഡൈനിംഗ് ടേബിളിൽ ഇന്ത്യയുടെ രുചി ഒരുക്കുക എന്നതാണ് തങ്ങളുടെ ദൗത്യമെന്നും' ക്രോക്കറി കമ്പനിയുടെ ഉടമയായ രാജീവ് പറഞ്ഞു.
പാത്രങ്ങൾ ജയ്പൂർ, ഉദയ്പൂർ, വാരണാസി, കർണാടക എന്നിവയുടെ കലാവൈഭവം ഉൾക്കൊള്ളുന്നവയാണെന്നും ഇതിൽ ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്കാരിക മുദ്രകൾ പ്രതിഫലിപ്പിക്കുന്നുണ്ടെന്നും രാജീവ് കൂട്ടിച്ചേർത്തു. ഈ പാത്രങ്ങളെ വേറിട്ടു നിർത്തുന്നത് ഇതിന്‍റെ 'മെയ്ക്ക് ഇൻ ഇന്ത്യ'തീം ആണ്.ഇത് രാജ്യത്തിന്റെ കരകൗശലത്തിന്റെ സാധ്യതകളെയും പരിഗണിക്കുന്നു.
ജി 20 ഉച്ചകോടിക്കായി 11 ഹോട്ടലുകളിലേക്ക് കർശനമായ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് പാത്രങ്ങൾ അയയ്ക്കുന്നതെന്ന് കമ്പനി അറിയിച്ചു. രൂപകല്പന ചെയ്തതിന് ശേഷം ഓരോ ഭാഗവും ആർ ആന്‍ഡ് ഡി ലാബിൽ സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമാണ് അയക്കുന്നത്. ഹോട്ടലിന്റെ പ്രത്യേക ആവശ്യങ്ങൾക്കനുസൃതമായാണ് പാത്രങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത്. ദേശീയ പക്ഷിയായ മയിലടക്കം പലതും ഡിസൈനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 'മഹാരാജ താലി'ക്ക് പുറമെ ദക്ഷിണേന്ത്യയിൽ നിന്നുള്ള ഡിസൈനുകളും ശേഖരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.