ചാണകം കൊണ്ട് പെയ്ന്‍റ് നിർമിച്ച് ഖാദി; നിതിൻ ഗഡ്കരി വിപണിയിലിറക്കും

ന്യൂഡൽഹി: ചാണകം കൊണ്ട് നിർമിച്ച പെയിൻ്റ് വിപണിയിലെത്തുന്നു. കേന്ദ്രസർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന ഖാദി, ഗ്രാമീണ വ്യവസായ കമീഷൻ ആണ് ചാണകപ്പെയിൻ്റ് പുറത്തിറക്കുന്നത്. 'ഖാദി പ്രകൃതിക് പെയിൻ്റ്' എന്നാണ് പുതിയ പെയിൻ്റിൻ്റെ പേര്. സാധാരണ പെയ്ന്‍റിൽ നിന്നും വ്യത്യസ്തമായി പൂർണമായും പരിസ്ഥിതി സൗഹൃദ പെയിന്‍റാണ് ഇതെന്നാണ് നിർമാതാക്കളുടെ അവകാശവാദം.

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് പെയിൻ്റ് വിപണിയിലിറക്കുക. പശുചാണകം കൊണ്ടുള്ള ഇന്ത്യയിലെ ആദ്യത്തെ പെയിൻ്റ് എന്നാണ് പെയിൻ്റിന് ഖാദി നൽകുന്ന വിശദീകരണം. ഫംഗസ് വിമുക്തവും ആന്റി ബാക്ടീരിയലുമായ പെയ്ന്‍റിൽ സാധാരണ പെയിൻ്റുകളിൽ കാണുന്ന ലെഡ്, മെർക്കുറി, ക്രോമിയം, ആർസെനിക്, കാഡ്മിയം പോലുള്ളവ ഇതിൽ ഇല്ലെന്നാണ് അവകാശവാദം.

ജയ്പൂരിലെ കുമാരപ്പ നാഷണൽ ഹാൻഡ്‌മെയ്ഡ് പേപ്പർ ഇൻസ്റ്റിറ്റ്യൂട്ടാണ് ഈ പെയിന്റ് വികസിപ്പിച്ചത്. ചാണകമാണ് പ്രധാന ഘടകം. വിലക്കുറഞ്ഞ പെയ്ന്‍റ് പ്ലാസ്റ്റിക് ഡിസ്റ്റംപെർ പെയിന്റ്, പ്ലാസ്റ്റിക് ഇമൽഷൻ എന്നീ രണ്ട് വിധത്തിൽ ലഭിക്കും. ഇന്ത്യൻ ബ്യൂറോ ഓഫ് സ്റ്റാൻഡാർഡ്‌സിന്റെ അംഗീകാരത്തോടെയാണ് ഉത്പന്നം വിപണിയിലെത്തുന്നത്.

ചാണകത്തിന്‍റെ ഉപഭോഗം വർധിപ്പിക്കാൻ കഴിയുന്നതിലൂടെ പശുവിനെ വളർത്തുന്ന കർഷകർക്കും ഗോശാലകൾക്കും വരുമാനം ഉണ്ടാക്കാൻ കഴിയുമെന്നും ഒരു പശുവിന് വർഷത്തിൽ 30,000 രൂപയോളം ഇത്തരത്തിൽ ലാഭമുണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും ഖാദി ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.