ഗുണ്ടാനേതാവ് അമൻ സിങ് ജയിലിൽ വെടിയേറ്റ് കൊല്ലപ്പെട്ടു; ആയുധം ഇനിയും കണ്ടെത്താനായിട്ടില്ല

ധൻബാദ്: മുൻ നഗരസഭ മേയർ നീരജ് സിങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ധൻബാദ് ജയിലിൽ കഴിയുന്ന യു.പി ഗുണ്ടാസംഘ തലവൻ അമൻ സിങ്ങ് ഞായറാഴ്ച ജയിലിൽ വെടിയേറ്റ് കൊല്ലപ്പെട്ടു. അടുത്തിടെ ബൈക്ക് മോഷണക്കേസിൽ പുട്ട്കി പൊലീസ് സ്റ്റേഷനിൽ നിന്ന് ജയിലിലെത്തിയ സുന്ദര് മഹ്തോയാണ് പ്രതിയെന്ന് ധൻബാദ് പൊലീസും ജില്ല ഭരണകൂടവും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടില്ല.

അമൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഏഴ് വെടിയുണ്ടകളിൽ രണ്ടെണ്ണം തലയിലും ഒന്ന് ഇടതു കണ്ണിലും നാലെണ്ണം വയറ്റിലുമാണ് പതിച്ചത്. അമനെ ധൻബാദിലെ എസ്.എൻ.എം.എം.സി.എച്ചിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. 2021 മെയ് മാസത്തിൽ ഉത്തർപ്രദേശിലെ മിർജാപൂർ പൊലീസ് അമനെ അറസ്റ്റ് ചെയ്യുകയും ധൻബാദ് പൊലീസിന് കൈമാറുകയും ചെയ്തിരുന്നു.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ലെങ്കിലും ജയിൽ തടവുകാർക്കിടയിൽ എന്തെങ്കിലും കലഹമുണ്ടായിട്ടുണ്ടോ എന്ന് പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷം വിശദാംശങ്ങൾ അറിയിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അഡീഷണൽ കലക്ടർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ എ.ഡി.എം കമലകാന്ത് ഗുപ്ത, എ.സ്പി അജിത് കുമാർ എന്നിവരടങ്ങിയ മൂന്നംഗ മജിസ്‌ട്രേറ്റ് അന്വേഷണ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കൂടാതെ ജുഡീഷ്യൽ അന്വേഷണവും നടത്തുമെന്ന് ഡെപ്പ്യൂട്ടി കമ്മീഷണർ രഞ്ജൻ പറഞ്ഞു.

ജയിലിനുള്ളിൽ ആയുധം കടത്തിയതെങ്ങനെയെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഒരാഴ്ച മുമ്പ് ജയിലിനുള്ളിൽ പരിശോധന നടന്നിരുന്നുവെന്നും കുറ്റകരമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ധൻബാദ് പൊലീസ് പറഞ്ഞു. ജയിലിനുള്ളിൽ വെച്ച് താൻ കൊല്ലപ്പെട്ടേക്കുമെന്ന ആശങ്ക അമൻ ജയിൽ അധികൃതരോട് നേരത്തെ പറഞ്ഞിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. പൊലീസ് ഉദ്യോഗസ്ഥർ കോടതിക്ക് മുമ്പാകെ ഹാജരാകാത്തതിനെ തുടർന്ന് മറ്റൊരു കേസിൽ ഇയാളെ നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു.

Tags:    
News Summary - Gang leader Aman Singh shot dead in jail; The weapon is yet to be found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.