കിയോഞ്ജർ: ഒഡിഷയിലെ കിയോഞ്ജറിൽ കൂട്ടബലാത്സംഗ അതിജീവിത വൈദ്യ പരിശോധനക്കായി 12 മണിക്കൂർ പൊലീസ് വാനിൽ കാത്തിരിക്കേണ്ടി വന്നുവെന്ന് ആരോപണം. 37 കാരിയായ സ്ത്രീയെ വ്യാഴാഴ്ച രാവിലെയാണ് പൊലീസ് വാനിൽ വൈദ്യ പരിശോനക്കായി പ്രാദേശിക ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അവിടെ ഡോക്ടർമാർ വൈദ്യ പരിശോധനക്ക് വിസമ്മതിച്ചുവെന്നാണ് ആരോപണം. കുറ്റകൃത്യം നടന്നത് മറ്റൊരു സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ള പ്രദേശത്താണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡോക്ടർമാർ പരിശോധനക്ക് വിസമ്മതിച്ചത്.
തുടർന്ന് പൊലീസുകാർ യുവതിയെ മറ്റൊരു ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. എന്നാൽ അവിടെ വനിതാ ഡോക്ടർമാരില്ലാത്തതിനാൽ വീണ്ടും പൊലീസ് വാനിൽ തന്നെ തുടരേണ്ടി വന്നുവെന്ന് ന്യൂസ് ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.
തുടർന്ന് യുവതിയെ ആദ്യത്തെ ആശുപത്രിയിലേക്ക് തന്നെ കൊണ്ടുവന്നു. അവിടെ രാത്രി 9.30 ഓടുകൂടി പ്രാഥമിക പരിശോധന പൂർത്തിയാക്കി. രാത്രിയായതിനാൽ വിശദ പരിശോധന നടത്താൻ സാധിക്കില്ലെന്ന് പറഞ്ഞഡോക്ടർമാർ അടുത്ത ദിവസം വരാൻ ആവശ്യപ്പെട്ടുവെന്നും യുവതി പറഞ്ഞു. വെള്ളിയാഴ്ച വിശദ പരിശോധനയും പൂർത്തിയാക്കിയെന്ന് പൊലീസ് പറഞ്ഞു.
ജനുവരി 18നാണ് യുവതി കൂട്ടബലാത്സംഗത്തിനിരയായത്. ബന്ധുവീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. മൂന്നുപേർ യുവതിക്കൊപ്പമുണ്ടായിരുന്ന ബന്ധുവിനെ അടിച്ചു വീഴ്ത്തിയ ശേഷം യുവതിയെ മാറി മാറി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.