ചണ്ഡീഗഢ്: കുപ്രസിദ്ധ ഗുണ്ടാസംഘത്തലവൻ ലോറൻസ് ബിഷ്‍ണോയിയെ അഖിലേന്ത്യ മൃഗസംരക്ഷണ സമാജിന്റെ യുവജന വിഭാഗം നേതാവായി ഐകകേണ്ഠ്യേന തെരഞ്ഞെടുത്തു. പഞ്ചാബിലെ അബോഹറിൽ ചൊവ്വാഴ്ച ചേർന്ന ബിഷ്‍ണോയി സമാജിന്റെ യോഗത്തിലാണ് തീരുമാനം.
ബിഷ്‍ണോയി സമുദായത്തിന്റെ തത്വങ്ങളനുസരിച്ച് മൃഗങ്ങളുടെ ജീവൻ സംരക്ഷിക്കുക എന്ന കടമ ലോറൻസ് ബിഷ്‍ണോയി ഭംഗിയായി നിറവേറ്റുമെന്നാണ് സമാജിന്റെ തലവൻ ഇന്ദർപാെൽ ബിഷ്ണോയിയുടെ കത്തിൽ പറയുന്നത്. ലോറൻസ് ബിഷ്‍ണോയിയെ സമാജത്തിലേക്ക് തെരഞ്ഞെടുക്കണമെന്ന് ബിഷ്‍ണോയി സമുദായം പ്രത്യേകം ആവശ്യപ്പെട്ടിരുന്നതായി അമ്മാവൻ രമേഷ് ബിഷ്‍ണോയി വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
പഞ്ചാബ്, മുംബൈ, കാനഡ എന്നിവിടങ്ങളിലായി കൊലപാതകമുൾപ്പെടെ 85 കേസുകളിൽ പ്രതിചേർക്കപ്പെട്ട വ്യക്തിയാണ് 33കാരനായ ലോറൻസ് ബിഷ്നോയ്. നിലവിൽ ഗുജറാത്ത് ജയിലിലാണ്. പഞ്ചാബി ഗായകൻ സിദ്ധു മുസവാലയെയും എൻ.സി.പി നേതാവും മുൻമന്ത്രിയുമായ ബാബ സിദ്ധിഖിയെയും കൊലപ്പെടുത്തിയ സംഭവത്തിന്റെ മുഖ്യ സൂത്രധാരൻ ലോറൻസ് ബിഷ്‍ണോയി ആണെന്നാണ് കരുതുന്നത്. ഖലിസ്ഥാൻ നേതാവ് ഹർദീപ് നിജ്ജറുടെ കൊലപാതകവുമായി ബന്ധപ്പെട്ടും കനേഡിയൻ പൊലീസിന്റെ പ്രതിപട്ടികയിൽ ഇയാളുടെ പേരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.