കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ വീണ്ടും ട്രെയിൻ അട്ടിമറിശ്രമം. കാൺപൂർ ദേഹത് ജില്ലയിലെ റെയിൽവേ പാളത്തിലാണ് പാചക വാതക സിലിണ്ടർ കണ്ടെത്തിയത്.
നോർത്തേൺ- സെൻട്രൽ റെയിൽവേയുടെ പ്രയാഗ്‌രാജ് ഡിവിഷനിലെ പെരമ്പൂർ റെയിൽവേ സ്‌റ്റേഷന് സമീപത്തെ പാളത്തിലാണ് വലിപ്പം കുറഞ്ഞ സിലിണ്ടർ കണ്ടെത്തിയത്. കാൺപൂരിൽ നിന്ന് പ്രയാഗ് രാജിലേക്ക് ചരക്ക് ട്രെയിൻ പോകുന്നതിനിടെയാണ് സിലിണ്ടർ ലോക്കോ പൈലറ്റിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ എമർജൻസി ബ്രേക്ക് ചെയ്ത് ട്രെയിൻ നിർത്തുകയായിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരും വിദഗ്ധ സംഘവും പരിശോധിച്ച ശേഷം സിലിണ്ടർ പാളത്തിൽ നിന്ന് നീക്കി. അഞ്ച് കിലോ പാചക വാതകം നിറക്കാവുന്ന സിലിണ്ടറാണ് കണ്ടെത്തിയതെന്ന് റെയിൽവേ സുരക്ഷാസേന അറിയിച്ചു. ചരക്ക് ട്രെയിനിന്‍റെ വേഗത വളരെ കുറവായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും സുരക്ഷാസേന അറിയിച്ചു.
കാൺപൂരിൽവച്ച് കാളിന്ദി എക്സ്പ്രസ് അട്ടിമറിക്കാൻ ഈയിടെ ശ്രമം നടന്നിരുന്നു. പാളത്തിൽ നിന്ന് പാചകവാതക സിലിണ്ടറും പെട്രോളും വെടിമരുന്നും കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ദേഹത് ജില്ലയിലെ അട്ടിമറി ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.