ജയിൽ ജീവനക്കാരെ മനുഷ്യത്വം പഠിപ്പിക്കണം; ഗൗതം നവ്‌ലാഖക്ക് കണ്ണട നിഷേധിച്ചതിനെതിരെ ബോംബെ ഹൈകോടതി

മുംബൈ: തലോജ ജയിലിൽ കഴിയുന്ന സാമൂഹിക പ്രവർത്തകൻ ഗൗതം നവ്‌ലാഖക്ക് കണ്ണട നിഷേധിച്ച സംഭവത്തിൽ അധികൃതർക്കെതിരെ രൂക്ഷ വിമർശനവുമായി ബോംബെ ഹൈകോടതി. ജയിൽ ജീവനക്കാർക്ക് മനുഷ്യത്വത്തെയും അവകാശങ്ങളെയും കുറിച്ച് ക്ലാസ് നൽകണമെന്നും ജസ്റ്റിസ് എസ്.എസ്. ഷിൻഡെ, ജസ്റ്റിസ് എം.എസ്. കാർനിക് എന്നിവരുടെ ബെഞ്ച് അഭിപ്രായപ്പെട്ടു. എല്‍ഗാര്‍ പരിഷദ് കേസിലെ കുറ്റാരോപിതരായ രമേഷ് ഗായിചോറിന്‍റെയും സാഗര്‍ ഗോര്‍ഖെയുടെയും ജാമ്യാപേക്ഷ പരിഗണിച്ച് സംസാരിക്കുകയായിരുന്നു കോടതി.

മനുഷ്യത്വമാണ് പരമപ്രധാനമെന്ന് കോടതി ഓർമിപ്പിച്ചു. മറ്റെല്ലാം ഇതിന് പിന്നാലെയാണ്. ഇന്നാണ് ഗൗതം നവ്‌ലാഖക്ക് കണ്ണട നിഷേധിച്ചത് അറിഞ്ഞത്. ജയിൽ അധികൃതർക്ക് പരിശീല ക്ലാസ് നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത്തരം ആവശ്യങ്ങൾ നിഷേധിക്കാൻ കഴിയുമോ. ഇത് മാനുഷിക പരിഗണനയാണ് -കോടതി പറഞ്ഞു.

എൽഗാർ പരിഷദ് കേസിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എൻ.ഐ.എ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച ഗൗതം നവ്‌ലാഖയുടെ കണ്ണട 27ന് ജയിലിൽ വെച്ച് ജയിലിൽ കാണാതായിരുന്നു. തുടർന്ന് വീട്ടുകാർ പുതിയ കണ്ണട അയച്ചെങ്കിലും ജയിൽ അധികൃതർ ഇത് സ്വീകരിക്കാതെ തിരിച്ചയക്കുകയാണുണ്ടായത്.

70കാരനായ നവ്‌ലാഖക്ക് കണ്ണടയില്ലാതെ കാഴ്ച പ്രയാസകരമാണ്. മൂന്ന് ദിവസത്തെ അഭ്യർഥനക്കൊടുവിലാണ് പുതിയ കണ്ണട വേണമെന്ന ആവശ്യം വീട്ടുകാരെ അറിയിക്കാൻ പോലും ജയിൽ അധികൃതർ തയാറായത്.

കണ്ണട ജയിലിലേക്ക് അയച്ചാൽ കൈമാറാമെന്ന് അധികൃതർ അറിയിച്ചിരുന്നതായി നവ്‌ലാഖയുടെ പങ്കാളി സാഭാ ഹുസൈൻ പറഞ്ഞു. എന്നാൽ, പോസ്റ്റലിലൂടെ അയച്ച കണ്ണട ജയിലിൽ എത്തിയ ശേഷം തിരിച്ചയക്കുകയായിരുന്നു. അദ്ദേഹത്തിന് കണ്ണടയില്ലാതെ കാണാൻ സാധിക്കുന്നില്ലെന്നും രക്തസമ്മർദം വർധിക്കുന്നതായും സാഭാ ഹുസൈൻ പറഞ്ഞു.

ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായ സാമൂഹിക പ്രവർത്തകൻ സ്റ്റാൻ സ്വാമിക്ക് നേരത്തെ തലോജ ജയിൽ അധികൃതർ വെള്ളം കുടിക്കാനുള്ള കപ്പും സ്ട്രോയും നിഷേധിച്ചത് വിവാദമായിരുന്നു. കോടതിയുടെ പരിഗണനക്ക് ശേഷം ഒരു മാസത്തിനിപ്പുറമാണ് സ്റ്റാൻ സ്വാമിക്ക് കപ്പും സ്ട്രോയും അനുവദിച്ചത്. പാർക്കിൻസൺ രോഗബാധിതനായതിനെ തുടർന്നായിരുന്നു ഇദ്ദേഹം വെള്ളം കുടിക്കാൻ സിപ്പർ കപ്പ് ആവശ്യപ്പെട്ടത്.

ഭീമ കൊറേഗാവ് കേസിൽ ആനന്ദ് തെൽതുംഡെ, ഹണി ബാബു, സാഗർ ഗോർക്കെ, കവി വരവര റാവു, രമേശ് ഗായിചോര്‍ തുടങ്ങിയവരെയും രാജ്യദ്രോഹവും ക്രിമിനൽ ഗൂഢാലോചനയും ആരോപിച്ച് യു.എ.പി.എ ചുമത്തി എൻ.ഐ.എ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു. 

Tags:    
News Summary - Gautam Navlakha denied spectacles in Taloja jail; Bombay HC calls for sensitization workshop for jail officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.