എഫ്.എം വാര്‍ത്തക്ക് അനുമതി: പരിഗണിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്വകാര്യ എഫ്.എം റേഡിയോ നിലയങ്ങള്‍ക്കും കമ്യൂണിറ്റി റേഡിയോ നിലയങ്ങള്‍ക്കും വാര്‍ത്തയും വാര്‍ത്താധിഷ്ഠിത പരിപാടിയും പ്രക്ഷേപണം ചെയ്യാന്‍ ഉപാധികളോടെ അനുമതി പരിഗണിക്കണമെന്ന് സുപ്രീംകോടതി.  പത്രങ്ങളിലും ടി.വി ചാനലുകളിലും വരുന്ന വാര്‍ത്തകള്‍ ഉപയോഗിക്കാന്‍ റേഡിയോ നിലയങ്ങളെയും അനുവദിക്കണം. അതേസമയം, വാര്‍ത്ത നല്‍കുന്നതില്‍ റേഡിയോ നിലയങ്ങള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം അനുവദിക്കുന്നത് പ്രശ്നം സൃഷ്ടിക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തോട് കോടതി യോജിച്ചു. 

നിലവിലെ നിയമപ്രകാരം എഫ്.എം, കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകള്‍ക്ക് വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത പരിപാടികളും പ്രക്ഷേപണം ചെയ്യാന്‍ പാടില്ല. ആകാശവാണിയുടെ വാര്‍ത്താ ബുള്ളറ്റിന്‍ റിലേ ചെയ്യാന്‍ മാത്രമാണ് അനുമതി. ഇതിനെതിരെ  ‘കോമണ്‍ കോസ്’ എന്ന സന്നദ്ധ സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. സ്വകാര്യ ടി.വി ചാനലുകളും പത്രങ്ങളും സ്വതന്ത്രമായി വാര്‍ത്തകള്‍ നല്‍കുമ്പോള്‍ റേഡിയോ നിലയങ്ങളെ വിലക്കുന്നത് വിവേചനവും ഭരണഘടനലംഘനവും മാത്രമല്ല, ആവിഷ്കാര സ്വാതന്ത്ര്യ നിഷേധവുമാണെന്നായിരുന്നു ഹരജിക്കാരുടെ വാദം. 

സ്വകാര്യ റേഡിയോ നിലയങ്ങള്‍ക്ക്  വാര്‍ത്താ പ്രക്ഷേപണത്തിന് അനുമതി നല്‍കുന്നത് രാജ്യസുരക്ഷക്ക് ഭീഷണിയാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.
സ്വകാര്യ റേഡിയോ നിലയങ്ങളുടെ പരിപാടികള്‍ നിരീക്ഷിക്കാന്‍ മതിയായ സംവിധാനം സര്‍ക്കാറിനില്ല. തങ്ങളുടെ അജണ്ട പ്രചരിപ്പിക്കാന്‍ ദേശവിരുദ്ധ ശക്തികള്‍ റേഡിയോ നിലയങ്ങളെ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. സ്വകാര്യ റേഡിയോ നിലയങ്ങള്‍ മിക്കതും ചെറിയ കമ്പനികളും സ്ഥാപനങ്ങളുമാണ് നടത്തുന്നതെന്നും കേന്ദ്ര സര്‍ക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ അശോക് പാണ്ഡ കോടതിയില്‍ പറഞ്ഞു. 

നിരീക്ഷിക്കാന്‍ സര്‍ക്കാറിന് സംവിധാനമില്ളെങ്കില്‍ എന്തിനാണ് സ്വകാര്യ റേഡിയോ നിലയങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതെന്ന് ‘കോമണ്‍ കോസ്’  അഭിഭാഷകന്‍ ജയന്ത് ഭൂഷണ്‍ ചോദിച്ചു. മാനദണ്ഡം ലംഘിക്കുന്ന പത്രങ്ങളുടെ ലൈസന്‍സ് റദ്ദാക്കാന്‍ വ്യവസ്ഥയുണ്ട്. അതുപോലെ പരിധി ലംഘിക്കുന്ന റേഡിയോ സ്റ്റേഷനുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന വ്യവസ്ഥയില്‍ വാര്‍ത്താ പ്രക്ഷേപണത്തിന് അനുമതി നല്‍കണമെന്ന് ‘കോമണ്‍ കോസ്’ വാദിച്ചു. ഇക്കാര്യം ഭാഗികമായി അംഗീകരിച്ച കോടതി സ്വകാര്യ റേഡിയോ സ്റ്റേഷനുകളില്‍ വാര്‍ത്ത കൈകാര്യം ചെയ്യാന്‍ പൂര്‍ണമായ സ്വാതന്ത്ര്യം നല്‍കിയാല്‍ അത് ജമ്മു-കശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ പോലുള്ള പ്രദേശങ്ങളില്‍ സുരക്ഷാ ഭീഷണിയാകുമെന്നും ചൂണ്ടിക്കാട്ടി. 

84 നഗരങ്ങളില്‍ 281 സ്വകാര്യ എഫ്.എം റേഡിയോ നിലയങ്ങളാണുള്ളത്. 519 കമ്യൂണിറ്റി റേഡിയോ നിലയങ്ങളുമുണ്ട്.  294 നഗരങ്ങളിലായി  839 പുതിയ എഫ്.എം റേഡിയോ നിലയങ്ങള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള നടപടികളിലാണ് കേന്ദ്ര സര്‍ക്കാര്‍.

 

Tags:    
News Summary - gave allow to FM news : supreme court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.