ന്യൂഡൽഹി: കരസേനയുടെ തലപ്പത്തിരുന്ന് ബി.ജെ.പി രാഷ്ട്രീയവും പക്ഷപാതവും പ്രകടമാക്കിയ ജനറൽ ബിപിൻ റാവത്തിനെ ആദ്യത്തെ സംയുക്ത സേന മേധാവിയായി നിയമിച്ചു. സൈനിക മേധാവിയുടെ വിരമിക്കൽ പ്രായം 62ൽനിന്ന് 65 ആയി ഉയർത്തിയാണ് നിയമനം. ഇതുവഴി അദ്ദേഹത്തിന് 2023 വരെ പദവി വഹിക്കാം. കരസേന മേധാവി സ്ഥാനത്ത് മൂന്നുവർഷം പൂർത്തിയാക്കി ചൊവ്വാഴ്ച വിരമിക്കാനിരിക്കെയാണ് നിയമനം. മൂന്നു സേന വിഭാഗങ്ങളെയും കൂട്ടിയിണക്കുന്ന ഏകോപിത കേന്ദ്രമെന്ന നിലയിൽ സംയുക്ത സേന മേധാവിയും (സി.ഡി.എസ്) ഓഫിസും പ്രവർത്തിക്കും. ലഫ്. ജനറൽ എം.എം. നരവനെ അടുത്ത കരസേന മേധാവിയാകും.
മൂന്നു സേന വിഭാഗങ്ങളിലേക്കുമുള്ള പടക്കോപ്പുകൾ വാങ്ങുന്നതിെൻറ നടപടിക്രമങ്ങൾ കൂടുതൽ ചിട്ടപ്പെടുത്താനും സൈന്യത്തിെൻറ പ്രവർത്തന നടപടികൾ ഏകോപിപ്പിക്കാനുമുള്ള ദൗത്യം സംയുക്ത സേന മേധാവിക്ക് നൽകി. സൈനിക കേന്ദ്രങ്ങളുടെ പുനഃസംഘാടനം, വിഭവ വിനിയോഗം എന്നിവയുടെ കാര്യത്തിലും നിർണായക തീരുമാനങ്ങളെടുക്കാൻ അധികാരമുണ്ട്.
രാജ്യത്തെ ആഭ്യന്തര വിഷയങ്ങളിൽ സേന മേധാവികൾ പരാമർശം നടത്തുകയോ പക്ഷംപിടിക്കുകയോ ചെയ്യാറില്ല. എന്നാൽ, സൈന്യത്തിെൻറ രാഷ്ട്രീയ നിഷ്പക്ഷത കാത്തുസൂക്ഷിക്കുന്നതിൽ പരാജയപ്പെട്ട ജനറലാണ് ബിപിൻ റാവത്ത്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തെ വിമർശിച്ച് ജനറൽ ബിപിൻ റാവത്ത് നടത്തിയ പരാമർശങ്ങൾ ഏറെ വിവാദമായിരുന്നു. അക്രമം നടത്തുന്ന വിദ്യാർഥിക്കൂട്ടങ്ങൾ നേതൃഗുണമല്ല കാണിക്കുന്നതെന്നാണ് റാവത്ത് പറഞ്ഞത്.
2017 ഏപ്രിലിൽ കശ്മീർ പ്രക്ഷോഭത്തെ നേരിട്ട രീതിയും പ്രസ്താവനകളും ഇതുപോലെ വിമർശിക്കപ്പെട്ടു. പ്രക്ഷോഭകരെ നേരിടുന്നതിെൻറ ഭാഗമായി ഫാറൂഖ് അഹ്മദ് ധറിനെ മനുഷ്യകവചമാക്കിയ മേജർ ലീതുൽ ഗൊഗോയിക്ക് പ്രശംസാപത്രം നൽകിയ സൈനിക മേധാവിയാണ് ജനറൽ ബിപിൻ റാവത്ത്. ജമ്മു-കശ്മീരിലെ പ്രക്ഷോഭവേളയിൽ കല്ലെറിയുന്ന യുവാക്കളെ ദേശവിരുദ്ധരെന്നു വിശേഷിപ്പിച്ച ജനറൽ റാവത്ത്, വേണ്ടിവന്നാൽ അവരെ വെടിവെക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.
പ്രക്ഷോഭകർക്കുനേരെ നടന്ന അമിത സേന ബലപ്രയോഗം ഏറെ എതിർപ്പുകൾക്ക് ഇടയാക്കിയിരുന്നു. പടക്കോപ്പുകൾ വാങ്ങുന്നതിന് അനുമതി നൽകേണ്ട പ്രതിരോധ സമിതിയെ അവഗണിച്ച് പ്രധാനമന്ത്രിയും മറ്റും മുന്നോട്ടുപോയത് റഫാൽ പോർവിമാന ഇടപാടിലെ അഴിമതി വിവരങ്ങൾ പുറത്തുവരുന്നതിൽ വലിയ പങ്കുവഹിച്ചിരുന്നു. എന്നാൽ, ഇത്തരം വിഷയങ്ങളിൽ സംയുക്ത സേന മേധാവിയുടെ തസ്തിക സർക്കാറിന് രക്ഷാകവചമാകും.
ബിപിൻ റാവത്തിന് ഫോർ സ്റ്റാർ റാങ്ക്
ന്യൂഡൽഹി: സൈന്യത്തിൽ നാലു നക്ഷത്ര പദവിയാണ് (ഫോർ സ്റ്റാർ റാങ്ക്) മോദിസർക്കാർ പുതുതായി സൃഷ്ടിച്ച സംയുക്ത സേന മേധാവി തസ്തിക വഹിക്കുന്നയാൾക്ക് അനുവദിച്ചത്. കര, നാവിക, വ്യോമ മേധാവിമാരുടെ തുല്യ ശമ്പളം. പ്രതിരോധ മന്ത്രിയുടെ മുഖ്യ സൈനിക ഉപദേശകനും സൈനികകാര്യ വകുപ്പിെൻറ മേധാവിയുമാണ് സി.ഡി.എസ്. മൂന്നു സേന മേധാവിമാരുടെയും തുല്യ റാങ്കാണ് ഉള്ളതെങ്കിലും അവർക്കു മുകളിലാണ് സംയുക്ത സേന മേധാവിയുടെ സ്ഥാനം. എന്നാൽ, സൈനിക നടപടികളുമായി ബന്ധപ്പെട്ട ഉത്തരവുകൾ പുറപ്പെടുവിക്കാൻ അനുവാദമില്ല. ആ നിലക്ക് മൂന്നു സേന മേധാവികൾക്കുംമേൽ അധികാരമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.