ലണ്ടൻ: ഇന്ത്യയിലെ ബുൾഡോസർ നടപടിയെ വിമർശിച്ച് ജർമ്മൻ ഫുട്ബാൾ താരം മെസ്യൂട്ട് ഓസിലും ഇന്ത്യൻ അമേരിക്കൻ എഴുത്തുകാരിയും ടെലിവിഷൻ അവതാരകയുമായ പത്മ ലക്ഷ്മിയും രംഗത്ത്. ഇന്ത്യയിലെ മുസ്ലിം സഹോദരീ സഹോദരന്മാരുടെ സുരക്ഷക്കും ക്ഷേമത്തിനും വേണ്ടി പ്രാർഥിക്കുന്നുവെന്ന് ഓസിൽ ട്വീറ്റ് ചെയ്തു. ലജ്ജാകരമായ അവസ്ഥയെക്കുറിച്ച് ബോധവൽക്കരണം നടത്തണം. റമദാൻ മാസത്തിലെ അവസാന പത്തിലെ ശ്രേഷ്ഠ ദിവസമായ ലൈലത്തുൽ ഖദറിനെ മുൻ നിർത്തിയായിരുന്നു ഓസിലിന്റെ ട്വീറ്റ്.
ഇന്ത്യയിൽ മുസ്ലിംകൾക്കെതിരായ അക്രമങ്ങൾ ആഘോഷിക്കുന്നത് കാണുമ്പോൾ വേദന തോന്നുന്നുവെന്നാണ് പത്മ ലക്ഷ്മി ട്വിറ്ററിൽ കുറിച്ചത്.
''ഇന്ത്യയിലെ മുസ്ലിം സഹോദരി സഹോദരന്മാർക്ക് വേണ്ടി ലൈലത്തുൽ ഖദറിന്‍റെ രാവിൽ പ്രാർഥിക്കുന്നു. ഇത്തരം ലജ്ജാകരമായ അവസ്ഥയെക്കുറിച്ച് നമുക്ക് ബോധവൽക്കരണം നടത്താം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യയിലെ മനുഷ്യാവകാശങ്ങൾക്ക് എന്താണ് സംഭവിക്കുന്നത്‍? -ഓസിൽ ട്വീറ്റ് ചെയ്തു
"ഇന്ത്യയിൽ മുസ്ലിംകൾക്കെതിരായ അക്രമങ്ങൾ ആഘോഷിക്കുന്നത് കാണുമ്പോൾ വേദന തോന്നുന്നു. വ്യാപകമായിക്കൊണ്ടിരിക്കുന്ന മുസ്ലിം വിരുദ്ധത ജനങ്ങളെ ഭയപ്പെടുത്തുകയും വിഷലിപ്തമാക്കുകയും ചെയ്യും. ഈ പ്രചാരണം അപകടകരവും നിന്ദ്യവുമാണ്.'' -പത്മ ലക്ഷ്മി ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.