ന്യൂഡൽഹി: അസം പൊലീസിൽ പൊലീസുകാരുടെ ശരീര ഭാരത്തിന്റെ കണക്കെടുക്കുന്നു. ഐ.പി.എസ് ഉദ്യോഗസ്ഥരുടെതടക്കമാണ് ബോഡി മാസ് ഇൻഡക്സ് കണക്കാക്കുന്നത്. ബി.എം.ഐ കൂടുതലുള്ളവർക്ക് ഫിറ്റ്നസ് വീണ്ടെടുക്കാൻ മൂന്നുമാസത്തെ സമയം നൽകും. അതിനുള്ളിൽ ഫിറ്റ്നസ് ഉറപ്പാക്കാൻ സാധിക്കാത്തവർക്ക് സ്വയം വിരമിക്കലിന് അവസരം നൽകുമെന്നും ഡി.ജി.പി ജി.പി സിങ് വ്യക്തമാക്കി.
ഐ.പി.എസ്, എ.പി.എസ് ഉദ്യോഗസ്ഥരുൾപ്പെടെ അസം പൊലീസിലെ എല്ലാ ജീവനക്കാർക്കും ഫിറ്റ്നസിന് ആഗസ്റ്റ് 15 വരെ മൂന്നു മാസത്തെ സമയം നൽകും. അതിനു ശേഷം 15 ദിവസത്തിനുള്ളിൽ എല്ലാവരുടെയും ബി.എം.ഐ കണക്കാക്കും. ബി.എം.ഐ 30 ൽ കൂടുതലുള്ള അമിത വണ്ണമുള്ളവർക്ക് ഒരു മൂന്നു മാസം കൂടി ഫിറ്റ്നസ് വീണ്ടെടുക്കാൻ സമയം നൽകും. അതിനു ശേഷവും ഫിറ്റ്നസ് സൂക്ഷിക്കാൻ സാധിക്കാത്തവർക്ക് സ്വയം വിരമിക്കലിന് അവസരമൊരുക്കും. ഹൈപ്പോതൈറോയിഡിസം പോലുള്ള യഥാർഥ ആരോഗ്യ പ്രശ്നങ്ങളുള്ളവരെ വി.ആർ.എസിൽ നിന്ന് ഒഴിവാക്കും. ആഗസ്റ്റ് 16ന് ആദ്യം ബി.എം.ഐ പരിശോധിക്കുന്നത് തന്റെത് തന്നെയാണെന്ന് ഡി.ജി.പി വ്യക്തമാക്കി.
അസം പൊലീസിൽ 70,000 ഓളം പൊലീസുകാരാണ് ജോലി ചെയ്യുന്നത്. സ്ഥിരം മദ്യപാനികളുടെയും അമിത വണ്ണമുള്ളവരുടെയും ഉൾപ്പെടെ 680 പേരുടെ പട്ടിക ഞങ്ങൾ നേരത്ത തന്നെയുണ്ടാക്കിയിട്ടുണ്ട്. ഈ പട്ടികയിൽ ആരുടെയും പേര് കാരണമില്ലാതെ കടന്നുകൂടരുതെന്നുള്ളതിനാൽ ഓരോ ബെറ്റാലിയനിലും ജില്ലകളിലും കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ഡെപ്യൂട്ടി കമാൻഡന്റ് അല്ലെങ്കിൽ എ.എസ്.പി റാങ്ക് ഉദ്യോഗസ്ഥൻ ആയിരിക്കും ഈ കമ്മിറ്റിക്ക് നേതൃത്വം നൽകുക. വി.ആർ.എസ് പട്ടികയിൽ ഉൾപ്പെടെുന്ന സ്വയം വിരമിക്കലിന് താത്പര്യമില്ലാത്തവരെ പിന്നീട് ഫീൽഡ് ഡ്യൂട്ടിക്ക് നിയോഗിക്കില്ലെന്നും ഡി.ജി.പി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.