ബംഗളൂരു: ദുഃഖത്തിൽ വെന്തുനീറുമ്പോഴും മൃതദേഹത്തേക്കാൾ പരിഗണന ജീവിച്ചിരിക്കുന്നവർക്ക് നൽകണമെന്നാവശ്യപ്പെട്ട് നവീനിന്റെ സഹോദരൻ. യുക്രെയ്നിലെ യുദ്ധമുഖത്ത് ജീവൻ പൊലിഞ്ഞ ഹാവേരി ചലഗേരി സ്വദേശി നവീനിെൻറ സഹോദരൻ എസ്.ജി. ഹർഷയാണ് കേന്ദ്രസർക്കാറിന് മുന്നിൽ ഇത്തരമൊരപേക്ഷ മുന്നോട്ടുവെക്കുന്നത്. 'എെൻറ സഹോദരൻ ഇനിയൊരിക്കലും മടങ്ങിവരില്ല, എന്നാൽ, ജീവനോടെ യുക്രെയ്നിലുള്ള മറ്റു വിദ്യാർഥികളെ എങ്കിലും ദയവായി തിരിച്ചെത്തിക്കണം'- കൂടപ്പിറപ്പിന്റെ വേർപാടിൽ ഉള്ളുലഞ്ഞുപോയ ഹർഷ പറയുന്നു.
ഒാരോ നിമിഷവും നിരവധി രക്ഷിതാക്കൾ അവരുടെ മക്കളെയോർത്ത് വിഷമിക്കുകയാണ്. തെൻറ സഹോദരെൻറ മൃതദേഹത്തേക്കാൾ, എല്ലാ വിദ്യാർഥികളെയും സുരക്ഷിതമായി എത്തിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുകയാണ്. ഖാർകിവിൽനിന്ന് അതിർത്തിയിലേക്കു പോകാൻ ഒരുങ്ങുന്ന കാര്യം നവീൻ പറഞ്ഞിരുന്നു. എന്നാൽ, അതിർത്തിയിലെത്താൻ രണ്ടോ മൂന്നോ ദിവസമെടുക്കുമെന്നതിനാൽ ഭക്ഷണ സാധനങ്ങൾ വാങ്ങിവെക്കാൻ അവരോട് അധികൃതർ നിർദേശിച്ചതായി നവീൻ പറഞ്ഞിരുന്നുവെന്നും ഹർഷ പറഞ്ഞു.
ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് നവീനിെൻറ പിതാവ് ശേഖർ ഗൗഡയും ആവശ്യപ്പെട്ടു. എപ്പോഴാണ് മകെൻറ മൃതദേഹം കൊണ്ടുവരുകയെന്ന് അറിയില്ലെന്നും തനിക്ക് അവനെ കാണണമെന്നും അദ്ദേഹം പറഞ്ഞു. മകെൻറ മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് ഒരു വിവരവും ഇതുവരെ അധികൃതരിൽനിന്ന് ലഭിച്ചിട്ടില്ല.
അതിനായി കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷിയുടെ വീട്ടിൽ പോയെങ്കിലും കാണാനായില്ല. ഇന്ത്യയിലെ മെഡിക്കൽ വിദ്യാഭ്യാസ സമ്പ്രദായത്തെയും ശേഖർ ഗൗഡ രൂക്ഷമായി വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.