ശ്രീനഗർ: ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ ആകുമെന്ന റിപ്പോർട്ടുകൾ തള്ളി മുൻ മുഖ്യമന്ത്രി ഗുലാംനബി ആസാദ്. ലഫ്. ഗവർണറാകാൻ തനിക്ക് താൽപര്യമില്ലെന്ന് അദ്ദേഹം അറിയിച്ചു. നിലവിൽ താനൊരു ജോലി അന്വേഷിക്കുന്നില്ലെന്നും ജമ്മു കശ്മീരിലെ ജനങ്ങളെ സേവിക്കാനാണ് താൽപര്യമെന്നും മുൻ കോൺഗ്രസ് നേതാവു കൂടിയായ ഗുലാം നബി ആസാദ് വ്യക്തമാക്കി.
''ഇത്തരം അഭ്യൂഹങ്ങൾ ജനം വിശ്വസിക്കരുതെന്ന് അപേക്ഷിക്കുകയാണ്. ഗുലാം നബി ആസാദ് അടുത്ത ലഫ്. ഗവർണറാകാൻ പോകുന്നു എന്നതാണ് ഏറ്റവും പുതിയ അഭ്യൂഹം ഞാൻ ജമ്മു കശ്മീരിലേക്ക് വന്നത് പുതിയൊരു ജോലി അന്വേഷിച്ചല്ല. ജനങ്ങളെ സേവിക്കുകയാണ് എന്റെ ലക്ഷ്യം. ''-തന്റെ പാർട്ടിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി സ്ഥാപക ദിനാചരണത്തിൽ സംസാരിക്കവെ ഗുലാം നബി സൂചിപ്പിച്ചു. ഞാൻ പുനരധിവാസം ലക്ഷ്യമാക്കി നടക്കുകയാണെന്നാണ് ചിലർ കരുതുന്നത്. മുഖ്യമന്ത്രിയെന്ന നിലയിലാണ് 2005ൽ ഞാനിവിടേക്ക് വന്നത്. രണ്ട് വിലപിടിപ്പുള്ള കേന്ദ്ര മന്ത്രിപദം ഉപേക്ഷിച്ചിട്ടാണ് ജനങ്ങളെ സേവിക്കാനായി ഞാനിവിടേക്ക് വന്നത്. ജോലിയില്ലാതെ വന്നതൊന്നുമല്ല. തൊഴിലില്ലായ്മയും പണപ്പെരുപ്പവുമാണ്
ജമ്മുകശ്മീരിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങൾ. -ഗുലാം നബി കൂട്ടിച്ചേർത്തു. ബി.ജെ.പിയുടെ കൂട്ടുപിടിച്ച് ഗുലാംനബി ജമ്മുകശ്മീർ രാഷ്ട്രീയത്തിൽ സജീവമാകാനൊരുങ്ങുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.