കശ്മീർ: പുതിയ പാർട്ടി രൂപീകരിക്കുന്നതിന് മുന്നോടിയായി ഗുലാംനബി ആസാദിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസിൽ നിന്നും രാജിവെച്ച നേതാക്കളും പ്രവർത്തകരും ജമ്മു-കശ്മീരിൽ യോഗം ചേർന്നു. മുൻ ജമ്മു കശ്മീർ മന്ത്രിയായിരുന്ന ജി.എം സറൂരിയുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. കോൺഗ്രസിൽ നിന്ന് രാജിവെച്ചതിനുപിന്നാലെ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് ഗുലാം നബി ആസാദ് പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബർ 24ഓടെ ആസാദ് ജമ്മു കശ്മീരിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.
'ആസാദിനെ പിന്തുണ പ്രഖ്യാപിച്ച് പഞ്ചായത്ത് അംഗങ്ങളും ബ്ലോക്ക് തല നേതാക്കളും ഉൾപ്പെടെ 500 പ്രമുഖ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പാർട്ടിയിൽ നിന്ന് രാജിവച്ചിട്ടുണ്ട്. എല്ലാവരും ആസാദിനൊപ്പമുണ്ടെന്ന സന്ദേശം നൽകാനാണ് യോഗം വിളിച്ചുചേർത്തത്'-സറൂരി പി.ടി.ഐയോട് പറഞ്ഞു.
രാഷ്ട്രീയ രംഗത്തെ പ്രമുഖർ ആസാദിന്‍റെ പാർട്ടിയിൽ ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടർ പട്ടിക പരിഷ്കരണത്തിനുശേഷം തെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുള്ളതിനാൽ ജമ്മു കശ്മീരിൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും 90 നിയമസഭാ സീറ്റുകളിലും പുതിയ പാർട്ടി മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ മതേതര ചിന്താഗതിക്കാർക്കുമായി പാർട്ടിയുടെ വാതിൽ തുറന്നിരിക്കും. ജമ്മു കശ്മീരിലെ അടുത്ത മുഖ്യമന്ത്രി ഗുലാം നബി ആസാദായിരിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും മുൻ കോൺഗ്രസ് നേതാവ് പറഞ്ഞു.
ആഗസ്റ്റ് 26നാണ് കോൺഗ്രസ് പ്രാഥമിക അംഗത്വം അടക്കം മുഴുവൻ പദവികളിൽ നിന്നും ഗുലാം നബി ആസാദ് രാജിവെച്ചത്. 2019 ആഗസ്റ്റ് അഞ്ചിന് എടുത്തുകളഞ്ഞ ജമ്മുകശ്മീരിന്റെ പ്രത്യേകാധികാരം പുനഃസ്ഥാപിക്കുകയാണ് പാർട്ടിയുടെ പ്രധാനലക്ഷ്യമെന്നും സറൂരി നേരത്തെ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.