ന്യൂഡൽഹി: ജി20 ഉച്ചകോടിയിൽ യുക്രെയ്ൻ സംഘർഷം സൃഷ്ടിച്ച ‘വിശ്വാസക്കുറവ്’ മറികടക്കാൻ അംഗരാജ്യങ്ങളെ ആഹ്വാനംചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആടിയുലയുന്ന ആഗോള സാമ്പത്തിക സ്ഥിതി, ഭീകരത, ഭക്ഷ്യ-ഇന്ധന-വളം മേഖലയുടെ സന്തുലിതമായ വിതരണം തുടങ്ങിയവയിൽ ഉറപ്പുള്ള പരിഹാരങ്ങൾ കണ്ടെത്താനും ന്യൂഡൽഹിയിൽ ശനിയാഴ്ച ആരംഭിച്ച ജി20 ഉച്ചകോടിയിൽ അധ്യക്ഷൻകൂടിയായ മോദി ആവശ്യപ്പെട്ടു.
‘ആഗോള വിശ്വാസനഷ്ടത്തെ, ആഗോള വിശ്വാസത്തിലേക്കും ആത്മവിശ്വാസത്തിലേക്കും മാറ്റിയെടുക്കാൻ ലോകമൊന്നാകെ ഒന്നിച്ചുനിൽക്കണം. കൂട്ടായ്മയുടെ അധ്യക്ഷപദവിയെന്നത്, അകത്തും പുറത്തും എല്ലാവരെയും ഉൾക്കൊള്ളുന്നതിന്റെ പ്രതീകമാണ്. കോവിഡാനന്തരം ലോകത്ത് പരസ്പരം വിശ്വാസക്കുറവ് വന്നു. ഇത് പിന്നീട് എല്ലായിടത്തും വ്യാപിച്ചു. കോവിഡിനെ മറികടന്നപോലെ ഈ പ്രതിസന്ധിയും നാം മറികടക്കും’ -മോദി പറഞ്ഞു.
എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും പ്രവർത്തനം എന്നതായിരിക്കണം നമ്മുടെ വഴിവിളക്കെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഇറ്റലി പ്രധാനമന്ത്രി ജിയോർജിയ മെലോനി, ദക്ഷിണ കൊറിയ പ്രസിഡന്റ് യൂൻ സൂക് ഇയോൾ തുടങ്ങിയ വിവിധ ലോക നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു മോദിയുടെ ആമുഖ ഭാഷണം. ‘ഭാരത്’ ആയിരുന്നു മോദിയുടെ ഇരിപ്പിടത്തിനു മുന്നിലെ രാജ്യനാമം. പ്രത്യേക ക്ഷണിതാക്കളായ രാജ്യങ്ങളുടെ പ്രതിനിധികളും സംബന്ധിച്ചിരുന്നു. ചൈന പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യ പ്രസിഡന്റ് വ്ലാദിമിർ പുടിൻ എന്നിവർ പങ്കെടുക്കുന്നില്ല.
ഇന്ത്യയുടെ അധ്യക്ഷപദവിയിലൂടെ ‘ജി20’ ജനങ്ങളുടെ ‘ജി20’ ആയി മാറിയെന്ന് അവകാശപ്പെട്ട മോദി, ലക്ഷക്കണക്കിന് ഇന്ത്യക്കാർ ഇതിന്റെ ഭാഗമായെന്നും പറഞ്ഞു. 60ലേറെ നഗരങ്ങളിലായി 200ലേറെ യോഗങ്ങളാണ് സംഘടിപ്പിക്കപ്പെട്ടതെന്നും ആഫ്രിക്കൻ യൂനിയന് ജി20ൽ അംഗത്വം നൽകണമെന്ന ഇന്ത്യയുടെ നിർദേശം, എല്ലാവർക്കുമൊപ്പം എന്ന മുദ്രാവാക്യത്തിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ക്ഷേമവും സന്തോഷവും മാനവികതയും എല്ലായ്പോഴും ഉറപ്പാക്കണ’മെന്ന പുരാതന ശിലാലിഖിതങ്ങളിലെ സന്ദേശം വായിച്ചായിരുന്നു മോദിയുടെ ആമുഖപ്രഭാഷണം. അർജന്റീന, ആസ്ട്രേലിയ, കാനഡ, ബ്രസീൽ, ചൈന, ഫ്രാൻസ്, ജർമനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, ദക്ഷിണ കൊറിയ, മെക്സികോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കിയ, ബ്രിട്ടൻ, യു.എസ്, യൂറോപ്യൻ യൂനിയൻ എന്നിവയാണ് അംഗരാജ്യങ്ങൾ.
ഭുവനേശ്വർ: രാഷ്ട്രപതി ദ്രൗപതി മുർമു ആതിഥ്യമരുളിയ ജി20 വിരുന്നിൽനിന്ന് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് വിട്ടുനിന്നു. അതേസമയം, വിട്ടുനിൽക്കാനുള്ള കാരണം മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയിട്ടില്ല.അടുത്ത വർഷം നടക്കുന്ന ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായുള്ള തയാറെടുപ്പുകളുടെ തിരക്കുകളിലാണ് പട്നായിക് എന്ന് ഔദ്യോഗികവൃത്തങ്ങൾ സൂചിപ്പിച്ചു.വിരുന്നിലേക്ക് കേന്ദ്ര മന്ത്രിമാരെയും സെക്രട്ടറിമാരെയും സംസ്ഥാന മുഖ്യമന്ത്രിമാരെയും ക്ഷണിച്ചിരുന്നു. ഡൽഹി പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിലെ ഇന്ത്യ ട്രേഡ് പ്രമോഷൻ ഓർഗനൈസേഷൻ കോംപ്ലക്സ് ഹാളിലാണ് വിരുന്ന് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.