മുംബൈ: ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി മനോഹർ പരീകർ തിരിച്ചെത്തുന്നതുവരെ ഗോവയിലെ ഭരണപ്രതിസന്ധി പരിഹരിക്കാൻ മന്ത്രിസഭ ഏകോപന സമിതിയോ ഉപമുഖ്യമന്ത്രിയോ എന്നതിൽ അന്തിമ തീരുമാനം ഞായറാഴ്ച ഉണ്ടായേക്കും. കടുത്ത നിലപാടുള്ള സഖ്യകക്ഷികൾക്കും കോൺഗ്രസ് ഉയർത്തുന്ന വെല്ലുവിളിക്കും ഇടയിൽ ഉറച്ച തീരുമാനത്തിലെത്താൻ ബി.ജെ.പിക്ക് കഴിയുന്നില്ല.
പരീകർ സർക്കാർ വിശ്വാസവോട്ട് തേടേണ്ടിവന്നാൽ അത് കോൺഗ്രസ് വിരിച്ച കെണിയിൽ വീഴലാകും. 14 അംഗങ്ങളുള്ള ബി.ജെ.പിയിൽ പരീകർ അടക്കം നാലുപേർ വിവിധ ഇടങ്ങളിൽ ചികിത്സയിലാണ്. അതിനാൽ ഏകോപന സമിതിയെക്കാൾ ഉപമുഖ്യമന്ത്രി പദത്തിന് പ്രാധാന്യം നൽകാനാണ് ഉപദേശം. ഉപമുഖ്യമന്ത്രി എന്നതിൽ പാർട്ടി എം.എൽ.എമാർക്കും സഖ്യകക്ഷികൾക്കും ഭിന്നാഭിപ്രായമാണുള്ളത്. കേന്ദ്ര സംഘം ഞായറാഴ്ച വീണ്ടും ഗോവയിലെത്തും. സഖ്യകക്ഷികളുമായും പാർട്ടി എം.എൽ.എമാരുമായി വീണ്ടും ചർച്ച നടത്തും.
ഉപമുഖ്യമന്ത്രിപദം എന്നത് അംഗീകരിക്കപ്പെട്ടാൽ പാർട്ടി എം.എൽ.എമാരായ സ്പീക്കർ പ്രമോദ് സാവന്ത്, മൂന്നാം തവണ സഭയിൽ എത്തിയ രാജേഷ് പട്നേകർ എന്നിവരിൽ ഒരാളെ തിരഞ്ഞെടുക്കാനാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.