പനാജി: ഏപ്രിൽ 20ന് കോവിഡ് മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച ഗോവയിൽ രോഗബാധിതരുടെ എണ്ണം വീണ്ടും ഉയരുന്നു. ഞായറാഴ്ച എട്ടുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ എണ്ണം 21 ആയി. ന്യൂഡൽഹിയിൽനിന്ന് ട്രെയിനിൽ വന്ന ഏഴ് പേർക്കും കർണാടകയിലെ കാർവാറിൽനിന്ന് വന്ന ഒരു തൊഴിലാളിക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
ആദ്യഘട്ടത്തിൽ ഏഴുപേർക്കാണ് രോഗം ബാധിച്ചിരുന്നത്. ഏപ്രിൽ 20ന് ഇവർ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. പിന്നീട് മേയ് 12 വരെ ഒറ്റ കോവിഡ് കേസും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ, മേയ് 13ന് ഏഴ് കേസുകൾ റിപ്പോർട്ട് ചെയ്തു. കൊൽക്കത്തയിൽനിന്ന് മടങ്ങിയെത്തിയവർ ഉൾപ്പെടെ അഞ്ച് പേർക്ക് ശനിയാഴ്ച രോഗം കണ്ടെത്തി.
സ്ഥിരീകരിച്ച 15 കേസുകൾ മഡ്ഗാവിലെ കോവിഡ് -19 ആശുപത്രിയിലേക്ക് മാറ്റിയതായി ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ പറഞ്ഞു. സമൂഹ വ്യാപനം തടയാൻ രോഗബാധിതരോടൊപ്പം സഞ്ചരിച്ച മറ്റു യാത്രക്കാരെ നിരീക്ഷിക്കാൻ സർക്കാർ നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.
എം.എസ്‌സിയും എം.ഡിയും യോഗ്യതയുള്ള കൂടുതൽ മൈക്രോബയോളജിസ്റ്റുകളെ നിയമിച്ച് കോവിഡ് പരിശോധന കാര്യക്ഷമമാക്കും. കോവിഡിനെതിരായ പോരാട്ടത്തെ മൈക്രോബയോളജി ലാബ് കൂടുതൽ ശക്തിപ്പെടുത്തും. പരിശോധനാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഞങ്ങൾ - മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.