'ദൈവം ഇതൊക്കെ കാണുന്നുണ്ട്' -സത്യേന്ദർ ജെയിൻ ആശുപത്രിയിലായതിനു പിന്നാലെ മോദിക്ക് മുന്നറിയിപ്പുമായി കെജ്രിവാൾ

ന്യൂഡൽഹി: തന്റെ സഹപ്രവർത്തകൻ സത്യേന്ദർ ജെയിൻ ആശുപത്രിയിലായതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്‍രിവാൾ. ''ഇത്തരത്തിലൊരു നല്ല മനുഷ്യനെ ഏകാധിപതി കൊല്ലാക്കൊല ചെയ്യുകയാണ്.'' എന്നാണ് കെജ്രിവാൾ ട്വീറ്റ് ചെയ്തത്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ മേയിലാണ് ജെയിനിനെ ജയിലിലടച്ചത്. തിഹാർ ജയിലിലെ ശുചിമുറിയിൽ കുഴഞ്ഞു വീണതിനെ തുടർന്നാണ് ജെയിനിലെ ദീൻ ദയാൽ ഉപാധ്യായ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൂടുതൽ ചികിത്സക്കായി ലോക് നായക് ആശുപത്രിയി​ലേക്ക് ഉടൻ മാറ്റുമെന്നും അദ്ദേഹം ഓക്സിജന്റെ സഹായത്താലാണ് കഴിയുന്നതെന്നും എ.എ.പി വൃത്തങ്ങൾ അറിയിച്ചിരുന്നു.

''ജനങ്ങൾക്ക് മികച്ച ചികിത്സയും ആരോഗ്യവും ഉറപ്പുവരുത്താനായി രാവും പകലും കഷ്ടപ്പെട്ട് പണിയെടുത്ത ഒരു മനുഷ്യനാണ് ഈ കിടക്കുന്നത്. ഏകാധിപതി ആ മനുഷ്യനെ കൊല്ലാക്കൊല ചെയ്യുകയാണ്. എല്ലാവരെയും ഇല്ലാതാക്കുകയാണ് ആ ഏകാധിപതിയുടെ ലക്ഷ്യം. തനിക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഒരാളാണയാൾ. തന്നെ തന്നെ കാണാനാണ് അയാൾ ആഗ്രഹിക്കുന്നതും. ഇതെല്ലാം ദൈവം കാണുന്നുണ്ട്. ദൈവം എല്ലാവർക്കും നീതി നൽകും.''-എന്നായിരുന്നു കെജ്‍രിവാളിന്റെ ട്വീറ്റ്.

മുൻ ആരോഗ്യമന്ത്രി കൂടിയായിരുന്ന സത്യേന്ദർ ജെയിൻ എത്രയും പെട്ടെന്ന് സുഖ്യം പ്രാപിക്കട്ടെയെന്നും ഈ പ്രതിസന്ധികൾ തരണം ചെയ്യാൻ ദൈവം അദ്ദേത്തിന് ശക്തി നൽകട്ടെയെന്നും കെജ്‍രിവാൾ ആശംസിച്ചു.

Tags:    
News Summary - God is watching': Arvind Kejriwal after Satyendar Jain falls in Tihar Jail, sent to hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.