ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെ ചെറുമകനും പശ്ചിമബംഗാൾ മുൻ ഗവർണറുമായ ഗോപാൽകൃഷ്ണഗാന്ധിയെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ 18 പ്രതിപക്ഷപാർട്ടികൾ ചേർന്ന് തീരുമാനിച്ചു. സ്ഥാനാർഥിയാകാൻ അദ്ദേഹം സമ്മതം അറിയിച്ചു.
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥി രാംനാഥ് കോവിന്ദിനെ പിന്തുണക്കുന്ന ജനതാദൾ-യുവും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മറ്റു പ്രതിപക്ഷപാർട്ടികൾക്ക് ഒപ്പമാണ്.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച പ്രതിപക്ഷപാർട്ടികളുടെ യോഗം േചർന്നത്. കോൺഗ്രസിനുപുറമെ ഇടതുപാർട്ടികൾ, തൃണമൂൽ കോൺഗ്രസ്, സമാജ്വാദിപാർട്ടി, ബി.എസ്.പി, ആർ.ജെ.ഡി, നാഷനൽ കോൺഫറൻസ്, മുസ്ലിം ലീഗ്, ആർ.എസ്.പി, കേരള കോൺഗ്രസ് തുടങ്ങിയവയും ഗോപാൽകൃഷ്ണഗാന്ധിയെ പിന്തുണക്കുന്നവരിൽ ഉൾപ്പെടും. ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സഖ്യം ഉപരാഷ്ട്രപതി സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ല.
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ജനതാദൾ-യു ഒഴികെ 17 പ്രതിപക്ഷപാർട്ടികൾ ചേർന്നാണ് മുൻലോക്സഭ സ്പീക്കർ മീര കുമാറിനെ സ്ഥാനാർഥിയാക്കിയത്. ഇൗ മാസം 17നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ആഗസ്റ്റ് അഞ്ചിന്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പാർലമെൻറ് അംഗങ്ങളാണ് വോട്ടർമാർ. എന്നാൽ, രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ അവർക്കുപുറമെ, സംസ്ഥാനങ്ങളിലെ എം.എൽ.എമാരും സമ്മതിദായകരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.