മുസ് ലിം പുരോഹിതരുടെ തിരോധാനം: പാകിസ്താനോട് വിവരം കൈമാറാൻ ആവശ്യപ്പെട്ടെന്ന് സുഷമ

ന്യൂഡല്‍ഹി: രണ്ട് മുസ് ലിം പുരോഹിതരെ പാകിസ്താനിൽ കാണാതായ സംഭവത്തിൽ പാക് അധികൃതരോട് വിശദീകരണം തേടിയതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. കാണാതായ രണ്ട് പേരും ഇന്ത്യൻ പൗരന്മാരാണെന്നും ഇവരെകുറിച്ചുള്ള വിവരങ്ങൾ കൈമാറണമെന്നും പാക് അധികൃതരോട് ആവശ്യപ്പെട്ടതായി സുഷമ സ്വരാജ് ട്വിറ്റിലൂടെ അറിയിച്ചു.  

കറാച്ചി വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് ഇരുവരെയും കാണാതായത്. മാർച്ച് എട്ടിനാണ് ഇരുവരും പാകിസ്താനിലേക്ക് പോയതെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

ഡല്‍ഹിയിലെ നിസാമുദ്ദീന്‍ ദര്‍ഗ മേധാവി സെയ്യിദ് ആസിഫ് അലി നിസാമിയെയും (80) ബന്ധുവായ നസീം നിസാമിയെ (60)യുമാണ് കാണാതായത്. ലാഹോറിലെ പ്രശസ്ത സൂഫീ ദർഗയായ ദഅത ദർബാർ സന്ദർശിക്കാൻ പോയതായിരുന്നു ഇരുവരും.  

പതിനാലാം തീയതി ആസിഫ് അലിയും നസീം നസീമും ലാഹോറിലെ ദഅത ദർബാർ ദർഗ സന്ദര്‍ശിച്ചിരുന്നു. പിന്നീട് കറാച്ചിയിലേക്ക് പോകുന്നതിനായി ലാഹോര്‍ എയര്‍പോര്‍ട്ടിലെത്തിയ നസീമിനെ അധികൃതര്‍ തടയുകയും ആസിഫ് അലിയെ വിമാനത്തില്‍ കയറ്റുകയും ചെയ്തു. എന്നാല്‍, ലാഹോറില്‍ എത്തിയ ആസിഫ് അലിയെയും പാക് അധികൃതര്‍ തടയുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

ബന്ധുക്കളെ കാണുന്നതിനും ദര്‍ഗകള്‍ സന്ദര്‍ശിക്കുന്നതിനും വേണ്ടിയാണ് ആസിഫ് അലിയും നസീമും പാകിസ്താനില്‍ എത്തിയത്. ലാഹോറിലെ ദഅത ദര്‍ബാറിലെയും ഡല്‍ഹി നിസാമുദ്ദീന്‍ ദര്‍ഗയിലെയും പുരോഹിതര്‍ പരസ്പരം സന്ദര്‍ശനം നടത്തുന്നത് പതിവാണ്.

Tags:    
News Summary - Government of Pakistan and requested them for an update on both the Indian nationals in Pakistan sushama swaraj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.