"ഗവർണർ സർ നിങ്ങൾ രാഷ്ട്രപതിയല്ല"-നീറ്റ് വിരുദ്ധ ബിൽ രാഷ്ട്രപതിക്ക് കൈമാറാത്ത ഗവർണറുടെ നിലപാടിനെതിരെ ഡി.എം.കെയുടെ മുഖപത്രം

ചെന്നൈ: തമിഴ്നാട് ഗവർണർ ആർ.എൻ രവിയുടെ നീറ്റ് നിലപാടിനെ രൂക്ഷമായി വിമർശിച്ച് ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡി.എം.കെ) മുഖപത്രമായ മുരസൊലി. ഗവർണർ സർ, നിങ്ങൾ രാഷ്ട്രപതിയല്ലെന്ന് പറഞ്ഞുകൊണ്ടാണ് മുഖപത്രത്തിന്‍റെ ഇന്നത്തെ എഡിറ്റോറിയൽ ആരംഭിക്കുന്നത്.

നീറ്റ് വിരുദ്ധ ബിൽ രാഷ്ട്രപതിക്ക് കൈമാറാത്തതിൽ ഭരണകക്ഷിയായ ഡി.എം.കെയും ഗവർണർ ആർ.എൻ രവിയും തമ്മിൽ തർക്കത്തിലായിരുന്നു.

ഒരു തവണ തമിഴ്നാട് നിയമസഭയിൽ പാസാക്കിയ നീറ്റ് വിരുദ്ധ ബിൽ ഗവർണർ മടക്കി അയച്ചതിന് ശേഷം 2022 ഫെബ്രുവരി 8 ന് വീണ്ടും നിയമസഭ പാസാക്കുകയായിരുന്നു. ഗവർണർ തിരിച്ചയച്ച ബില്ലിന് തമിഴ്നാട് നിയമസഭയിൽ വീണ്ടും അംഗീകാരം നൽകുന്നത് ചരിത്രത്തിൽ ആദ്യമായാണ്.

നീറ്റ് വിരുദ്ധ ബിൽ രണ്ടാം തവണയും സഭ പാസാക്കിയിട്ട് രണ്ട് മാസത്തിലേറെയായി. എന്നാൽ ഗവർണർ ആർ.എൻ രവി ബിൽ ഇതുവരെ രാഷ്ട്രപതിക്ക് കൈമാറിയിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് തമിഴ്നാടിന്‍റെ പുതുവർഷത്തോടനുബന്ധിച്ച് ഗവർണർ ഒരുക്കിയ ചായ സൽക്കാരം ഡി.എം.കെയും സഖ്യകക്ഷികളും ബഹിഷ്‌കരിച്ചിരുന്നു.

തമിഴ്നാട് നിയമസഭ പാസാക്കിയ ബിൽ രാഷ്ട്രപതിക്ക് അയക്കലാണ് ഗവർണറുടെ കടമ. എന്നാൽ അത് നിറവേറ്റുന്നതിൽ ഗവർണർ പരാജയപ്പെട്ടുവെന്ന് മുഖപത്രം കുറ്റപ്പെടുത്തി.

എന്തുകൊണ്ടാണ് നീറ്റ് വിരുദ്ധ ബില്ല് സംസ്ഥാന അസംബ്ലി പാസാക്കിയതെന്നും അതിന്റെ പശ്ചാത്തലമെന്താണെന്നും ലേഖനത്തിൽ വിവരിക്കുന്നുണ്ട്. പ്രവേശന പരീക്ഷ മൂലം ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് ദരിദ്രരും നിരാലംബരുമായ വിദ്യാർഥികളാണ്. അവരുടെ ദുഃഖകരമായ അവസ്ഥയെക്കുറിച്ചാണ് മുഖപത്രം സംസാരിക്കുന്നത്.

നീറ്റ് വിരുദ്ധ ബിൽ രാഷ്ട്രപതിക്ക് കൈമാറുന്നതിൽ തുടരുന്ന കാലതാമസം ചൂണ്ടിക്കാണിച്ച് വൈകി ലഭിക്കുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിയാണെന്ന് ഗവർണർ മനസ്സിലാക്കണമെന്ന് പറഞ്ഞ് കൊണ്ടാണ് എഡിറ്റോറിയൽ അവസാനിക്കുന്നത്.

Tags:    
News Summary - Governor Sir! You aren't the President, says DMK mouthpiece over delay in forwarding anti-NEET bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.