നോട്ട് മാറ്റം സര്‍ക്കാര്‍ അജണ്ടയെന്ന് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയ തീരുമാനത്തിലെ വീഴ്ചകളും ചട്ടലംഘനവും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവെക്കുകയും റിസര്‍വ് ബാങ്ക് ഒറ്റ ദിവസം കൊണ്ട് പച്ചക്കൊടി കാട്ടുകയുമാണ് ചെയ്തതെന്ന വിവരമാണ് ഒടുവില്‍ പുറത്തുവന്നിരിക്കുന്നത്. സാധാരണനിലക്ക് കറന്‍സിയുടെ കാര്യത്തില്‍ മാര്‍ഗനിര്‍ദേശം നല്‍കുന്നതും ക്രമീകരണം ഒരുക്കുന്നതും റിസര്‍വ് ബാങ്കാണ്.

നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരമുള്ള വിവിധ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി റിസര്‍വ് ബാങ്കോ സര്‍ക്കാറോ നല്‍കുന്നില്ല. അതിനിടയില്‍ ധനകാര്യ പാര്‍ലമെന്‍ററി സമിതിക്ക് നല്‍കിയ കത്തിലാണ് തീരുമാനം സര്‍ക്കാറിന്‍േറതായിരുന്നുവെന്ന് റിസര്‍വ് ബാങ്ക് വെളിപ്പെടുത്തിയത്. കഴിഞ്ഞ 22നാണ് ഏഴുപേജ് കുറിപ്പ് റിസര്‍വ് ബാങ്ക് സഭാസമിതിക്ക് നല്‍കിയത്.

‘നവംബര്‍ ഏഴിന് സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനെ ഉപദേശിച്ചു’ എന്നാണ് അതിലെ വരികള്‍. നോട്ട് കള്ളപ്പണക്കാര്‍ക്ക് സൗകര്യമൊരുക്കുന്നതും സമാന്തര നിഴല്‍ സമ്പദ്വ്യവസ്ഥ വളര്‍ത്തുന്നതുമാണെന്ന് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. കള്ളനോട്ട് പ്രശ്നം അങ്ങേയറ്റം ഗുരുതരമാണ്, സാമ്പത്തിക ഭീകരതക്കും മയക്കുമരുന്ന് വ്യാപാരത്തിനും നോട്ട് വ്യാപകമായി ഉപയോഗിക്കുന്നുവെന്നും റിസര്‍വ് ബാങ്കിനെ അറിയിച്ചു.

തൊട്ട് പിറ്റേന്നുതന്നെ സര്‍ക്കാറിന്‍െറ ഉപദേശം ചര്‍ച്ച ചെയ്യാന്‍ റിസര്‍വ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്നു. ഇക്കാര്യത്തില്‍ സര്‍ക്കാറിന് പച്ചക്കൊടി കാട്ടുകയും ചെയ്തു. അന്നുതന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്.
എന്നാല്‍, നോട്ട് അസാധുവാക്കാനുള്ള തീരുമാനം റിസര്‍വ് ബാങ്കാണ് എടുത്തതെന്ന് ഊര്‍ജമന്ത്രി പിയൂഷ് ഗോയല്‍ നേരത്തേ പാര്‍ലമെന്‍റില്‍ പറഞ്ഞിരുന്നു. ചട്ടവും നടപടിക്രമങ്ങളും നോട്ട് അസാധുവാക്കുന്നതില്‍ പൂര്‍ണമായി പാലിച്ചുവെന്ന് മന്ത്രി പാര്‍ലമെന്‍റില്‍ വിശദീകരിക്കുകയും ചെയ്തതാണ്. റിസര്‍വ് ബാങ്കിന്‍െറ ഉപദേശപ്രകാരം സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയാണ് ചെയ്തതെന്ന വിശദീകരണമാണ് അദ്ദേഹം അടക്കം പല കേന്ദ്രമന്ത്രിമാരും നല്‍കിക്കൊണ്ടിരുന്നത്.

നോട്ട് പിന്‍വലിക്കുന്നതിന് നേരത്തേ വ്യക്തമായ തീരുമാനമൊന്നും ഉണ്ടായിരുന്നില്ളെന്ന് സഭാസമിതിക്ക് നല്‍കിയ കത്തില്‍ റിസര്‍വ് ബാങ്ക് പറഞ്ഞിട്ടുണ്ട്.  പുതിയ സീരീസ് നോട്ട് വേണമെന്ന് ഉറപ്പിച്ചിരുന്നു. 5,000 രൂപ, 10,000 രൂപ നോട്ടുകള്‍ അടിക്കണമെന്ന കാഴ്ചപ്പാട് സര്‍ക്കാറിനെ അറിയിക്കുകയും ചെയ്തു. എന്നാല്‍ 2,000 രൂപ നോട്ട് അടിക്കാനാണ് മേയ് 18ന് സര്‍ക്കാര്‍ നല്‍കിയ അനുമതി. രൂപകല്‍പനക്കുശേഷം ജൂണ്‍ ഏഴിന് അന്തിമ അനുമതി നല്‍കി. ആവശ്യക്കാര്‍ കൂടുമെന്ന വിലയിരുത്തലില്‍ രാജ്യമെങ്ങും ഒരേസമയം വിതരണം ചെയ്യാന്‍ പാകത്തില്‍ കൂടുതല്‍ നോട്ട് അച്ചടിക്കാന്‍ തീരുമാനിച്ചതായും റിസര്‍വ് ബാങ്ക് വിശദീകരിച്ചു.

കള്ളപ്പണം, കള്ളനോട്ട്, ഭീകരത എന്നിവ നേരിടാന്‍ 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്ന കാര്യം റിസര്‍വ് ബാങ്കിന്‍െറ കേന്ദ്രബോര്‍ഡ് പരിഗണിക്കണമെന്ന ഉപദേശമാണ് നവംബര്‍ ഏഴിന് സര്‍ക്കാര്‍ നല്‍കിയത്. ഏതൊക്കെ നോട്ടുകള്‍ അസാധുവാക്കണമെന്ന തീരുമാനവും സര്‍ക്കാറിന്‍േറതായിരുന്നു എന്നാണ് ഇതില്‍നിന്ന് വ്യക്തമാവുന്നത്. നോട്ട് അസാധുവാക്കല്‍ കേന്ദ്രസര്‍ക്കാറിന്‍െറ ആശയമാണെന്ന് റിസര്‍വ് ബാങ്ക് പറഞ്ഞതോടെ, ഈ തീരുമാനത്തെ ചുറ്റിപ്പറ്റിയുള്ള രഹസ്യാത്മകതക്കും ആഴമേറി.

Tags:    
News Summary - Govt advised RBI on note ban 1 day before Modi's announcement: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.