രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കോവിഡ് മൂലമുണ്ടയ ലോക്ഡൗൺ ആണെന്ന് പറയുന്നതിൽ അർഥമില്ലെന്ന് മേഖലയിലെ വിദഗ്ധർ. കഴിഞ്ഞ ദിവസം ജി.എസ്.ടി കൗൺസിൽ യോഗത്തിന് ശേഷം ധനകാര്യ മന്ത്രി നിർമല സീതാരാമൻ ദൈവത്തിൽ നിന്നുള്ള ചില പ്രവർത്തികൾ കാരണം ഇത്തവണ രാജ്യത്തെ നികുതി വരുമാനം കുറഞ്ഞെന്ന് പറഞ്ഞത് വിവാദമായിരുന്നു.
കോവിഡ് മൂലമുള്ള ലോക്ഡൗൺ ആയിരുന്നു മന്ത്രി പരോക്ഷമായി ഉദ്ദേശിച്ചത്. എന്നാൽ കോവിഡ് വരുന്നതിനും വളരെ മുന്നേ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞിരുന്നതായി സാമ്പത്തിക വിദഗ്ധർ ചുണ്ടിക്കാട്ടുന്നു. ഏകദേശം മൂന്ന് വർഷമായി തുടരുന്ന സാമ്പത്തിക മാന്ദ്യം കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ ജി.എസ്.ടി വരുമാനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.
ജിഡിപി വളർച്ചാ നിരക്ക് 2019 ഏപ്രിൽ-ജൂൺ മാസങ്ങളിൽ 5.2 ശതമാനത്തിൽ നിന്ന് ജൂലൈ-സെപ്റ്റംബറിൽ 4.4 ശതമാനമായും ഒക്ടോബർ-ഡിസംബർ മാസങ്ങളിൽ 4.1 ശതമാനമായും ജനുവരി-മാർച്ച് മാസങ്ങളിൽ 3.1 ശതമാനമായും കുറഞ്ഞു. ഇത് ജി.എസ്.ടിയിലും നേരത്തെതന്നെ പ്രതിഫലിച്ചിരുന്നു. മൊത്തം ജിഎസ്ടി വരുമാനം ഓഗസ്റ്റിൽ 98,203 കോടിയായി കുറഞ്ഞു. 2019 സെപ്റ്റംബറിൽ 2.7 ശതമാനം കുറഞ്ഞ് 91,917 കോടിയും ഒക്ടോബറിൽ 5.3 ശതമാനം കുറഞ്ഞ് 95,380 കോടിയുമായി. നവംബറിൽ ജിഎസ് ടി വരുമാനം വീണ്ടും ഉയർന്നു.
ഉത്സവകാല വിൽപ്പനയായിരുന്നു ഇതിന് പ്രധാന കാരണം. 2019 സെപ്റ്റംബറിൽ ഗോവയിൽ നടന്ന 37-ാമത് ജി.എസ്.ടി കൗൺസിൽ യോഗത്തിൽ നഷ്ടപരിഹാരത്തുക സംബന്ധിച്ച് ചില പ്രശ്നങ്ങളുണ്ടെന്ന് കേന്ദ്രം ആദ്യമായി സമ്മതിച്ചിരുന്നു. അതിനുശേഷം 2019 നവംബർ 27 ന് ജി.എസ്.ടി കൗൺസിൽ സംസ്ഥാനങ്ങൾക്ക് കത്തെഴുതി. കഴിഞ്ഞ കുറച്ച് മാസങ്ങളിലെ ജി.എസ്.ടിയും നഷ്ടപരിഹാര സെസ് കളക്ഷനും 'ആശങ്കാജനകമാണെന്നും'നഷ്ടപരിഹാര നൽകാൻ ബുദ്ധിമുട്ടാണെന്നുമായിരുന്നു കത്തിൽ പറഞ്ഞിരുന്നത്. അന്നുമുതൽ തന്നെ ജി.എസ്.ടി നഷ്ടപരിഹാരം നൽകൽ മുടങ്ങിയിരുന്നു.
പല സംസ്ഥാന ധനമന്ത്രിമാരും തങ്ങളുടെ വരുമാനത്തിെൻറ പങ്ക് ആവർത്തിച്ച് ആവശ്യപ്പെടുകയും പണം കിട്ടാത്തതിനെകുറിച്ച് ആശങ്കകൾ ഉന്നയിക്കാനും തുടങ്ങിയിരുന്നു. 2019 ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ ജി.എസ്.ടി നഷ്ടപരിഹാരമായ 35,298 കോടി ഡിസംബറിൽ മാത്രമാണ് നൽകിയത്. ഒക്ടോബർ-നവംബർ മാസങ്ങളിലെ നഷ്ടപരിഹാര തുക 2020 ഫെബ്രുവരിയിലും 2020 ഏപ്രിലിലും രണ്ട് തവണകളായാണ് നൽകാനായത്. കോവിഡിന് മുന്നേ കാര്യങ്ങൾ തകിടംമറിഞ്ഞു തുടങ്ങിയതിന് തെളിവാണ് ഇതെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.