ന്യൂഡൽഹി: ജി20 ഉച്ചകോടി കഴിയുന്നതിന് പിന്നാലെ പ്രത്യേക പാർലമെന്റ് സമ്മേളനം ചേരുന്നു. സെപ്റ്റംബർ 18 മുതൽ 22 വരെ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കുമെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പ്രൽഹാദ് ജോഷി അറിയിച്ചു.
സെപ്റ്റംബര്‍ ഒമ്പത്, പത്ത് തീയതികളില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്ക് ദിവസങ്ങള്‍ക്കുശേഷം നടക്കുന്ന അഞ്ചു ദിവസത്തെ സമ്മേളനത്തിന്റെ അജണ്ടയെക്കുറിച്ച് ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. അഞ്ചുദിവസവും ‘അമൃത് കാല’ത്തേക്കുള്ള ക്രിയാത്മകമായ ചര്‍ച്ചകള്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സമ്മേളനം അറിയിച്ചുകൊണ്ട് സമൂഹമാധ്യമമായ ‘എക്സി’ൽ പ്രൽഹാദ് ജോഷി കുറിച്ചു. പഴയ പാര്‍ലമെന്റിൽ ആരംഭിക്കുന്ന സമ്മേളനം പുതിയ മന്ദിരത്തിലായിരിക്കും അവസാനിക്കുകയെന്നും റിപ്പോർട്ടുകളുണ്ട്.
പ്രത്യേക സെഷൻ ആയതുകൊണ്ട് ചോദ്യോത്തര വേളകളോ മറ്റു വിഷയങ്ങളിൽ ചർച്ചകളോ ഉണ്ടാവില്ല. മാധ്യമശ്രദ്ധ തന്നിലേക്ക് തിരിക്കുന്ന മോദിയുടെ സ്റ്റൈലാണ് പ്രത്യേക സമ്മേളനം പ്രഖ്യാപിക്കുന്നതിന് പിന്നിലെന്നായിരുന്നു കോൺഗ്രസ് പ്രതികരണം. ‘മൊദാനി’ അഴിമതിയെക്കുറിച്ചുള്ള ഏറ്റവും പുതിയ വെളിപ്പെടുത്തലുകളാണ് ഇന്നത്തെ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. മറ്റൊന്ന്, വലുതായിക്കൊണ്ടിരിക്കുന്ന പ്രതിപക്ഷ സഖ്യം ‘ഇൻഡ്യ’ മുംബൈയിൽ യോഗം ചേരുന്നു. ഇതിനിടെ വാർത്ത തങ്ങൾക്കും ചുറ്റും കറങ്ങാനുള്ള മോദി രീതിയാണിതെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് പറഞ്ഞു.
‘ഗണേശ ചതുർഥി’ വേളയിൽ പാർലമെന്റ് സമ്മേളനം വിളിച്ചുചേർത്തത് ദൗർഭാഗ്യകരവും ഹൈന്ദവ വികാരങ്ങൾക്ക് വിരുദ്ധവുമാണെന്നും ചൂണ്ടിക്കാട്ടി ശിവസേന എം.പി പ്രിയങ്ക ചതുർവേദിയും തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് എൻ.സി.പിയുടെ സുപ്രിയ സുലെയും രംഗത്തുവന്നു.ജൂലൈ 20ന് ആരംഭിച്ച പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആഗസ്റ്റ് 11നായിരുന്നു അവസാനിച്ചത്. ഡൽഹി നിയമ ഭേദഗതി ഉൾപ്പെടെ വിവിധ വിവാദ ബില്ലുകൾ അന്ന് പാസാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.