കല്ലട്ക്ക പ്രഭാകറിനെ അറസ്റ്റ് ചെയ്യാൻ ഉദ്ദേശ്യമില്ലെന്ന് സർക്കാർ കോടതിയിൽ

ബംഗളൂരു: വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ ആർ.എസ്.എസ് നേതാവ് കല്ലട്ക്ക പ്രഭാകറെ അറസ്റ്റ് ചെയ്യാൻ ഉദ്ദേശ്യമില്ലെന്ന് സർക്കാർ അഭിഭാഷകൻ കർണാടക ഹൈക്കോടതിയിൽ അറിയിച്ചു. തനിക്കെതിരായ കേസ് രാഷ്ട്രീയ ​പ്രേരിതമാണെന്നും പ്രായവും ആരോഗ്യ സ്ഥിതിയീം കണക്കിലെടുത്ത് കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കല്ലട്ക്ക പ്രഭാകർ സമർപ്പിച്ച ഹരജിയിൽ വ്യാഴാഴ്ച വാദം കേൾക്കവെയാണ് കർണാടക സർക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകൻ നിലപാട് അറിയിച്ചത്.

അതേസമയം, കേസിൽ കല്ലട്ക്ക പ്രഭാകറിന് ഇടക്കാല ജാമ്യം അനുവദിച്ചതായി കർണാടക മുൻ എ.എ.ജിയും കേസിൽ പ്രഭാകറിന്റെ അഭിഭാഷകയുമായ അരുണ ശ്യാം പറഞ്ഞു.

പരാതിക്കാരിയായ സാമുഹിക പ്രവർത്തക നജ്മ നസീറിനുവേണ്ടി മുതിർന്ന അഭിഭാഷക എസ്. ബാലൻ ഹാജരായി. എഫ്.ഐ.ആർ സ്റ്റേ ചെയ്യണമെന്ന കല്ലട്ക്ക പ്രഭാകറിന്റെ ആവശ്യത്തെ എതിർത്ത അഡ്വ. ബാലൻ, പ്രഭാകറിന്റെ പ്രസ്താവന സമുഹത്തെ സ്വാധീനിക്കുന്നതാണെന്നും പ്രസ്താവനക്കെതിരെ പ്രതിഷേധങ്ങൾ നടക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.

വർഗീയ കലാപത്തിന് പ്രേരിപ്പിക്കുന്ന അദ്ദേഹത്തിനെതിരെ യു.എ.പി.എ അടക്കമുള്ള രാജ്യദ്രോഹ വകുപ്പുകൾ ചുമത്തണമെന്നും കോടതിയോട് അഭ്യർഥിച്ചു. എന്നാൽ, കല്ലട്ക്ക പ്രഭാകറിനെ അറസ്റ്റ് ചെയ്യാൻ സർക്കാറിന് ഉദ്ദേശ്യമില്ലെന്നായിരുന്നു കർണാടക സർക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. കേസിൽ വാദം കേൾക്കൽ മറ്റൊരു തീയതിയിലേക്ക് മാറ്റിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാർ നിലപാട് കണക്കിലെടുത്ത കോടതി, പ്രഭാകറിനെ അറസ്റ്റ്ചെയ്യാൻ സർക്കാറിന് ഉദ്ദേശ്യമില്ലെങ്കിൽ ഇപ്പോൾ കേസ് സ്റ്റേ ചെയ്യേണ്ട കാര്യമില്ലെന്നും ചൂണ്ടിക്കാട്ടി. കേസിൽ ഹരജി പരിഗണിക്കുന്നത് ജനുവരി ഒമ്പതിലേക്ക് മാറ്റി.

മണ്ഡ്യ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ ഹനുമാൻ ജയന്തി ആഘോഷ ഭാഗമായി സംഘടിപ്പിച്ച സങ്കീർത്തന യാത്ര ഉദ്ഘാടനം ചെയ്യവെ നടത്തിയ പരാമർശങ്ങൾക്കെതിരെ സാമൂഹിക പ്രവർത്തക നജ്മ നസീർ നൽകിയ പരാതിയിലാണ് മണ്ഡ്യ പൊലീസ് ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തി കേസ് രജിസ്റ്റർ ചെയതത്.

Tags:    
News Summary - Govt in court that there is no intention to arrest Kalladka Prabhakar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.