ന്യൂഡൽഹി: പ്രതിപക്ഷ നേതാക്കളുടെ ഐ ഫോണിൽ ഭരണകൂടം സ്പോൺസർ ചെയ്ത ചാരപ്പണിയെക്കുറിച്ച് ജാഗ്രതാ നിർദേശം നൽകിയ ആപ്പിൾ കമ്പനിക്ക് സർക്കാർ നിയോഗിച്ച അന്വേഷണസംഘം വിശദാംശം തേടി നോട്ടീസ് അയച്ചു.
സർക്കാറിന്റെ സൈബർ സുരക്ഷ ഏജൻസിയായ സെർട്ട് ഇൻ ആണ് അന്വേഷണനടപടികൾക്ക് തുടക്കമിട്ടത്. ജാഗ്രതാ സന്ദേശം അയക്കാൻ ഇടയായ സാഹചര്യം, ഐ ഫോണുകളുടെ സുരക്ഷിതത്വം തുടങ്ങിയ കാര്യങ്ങളിൽ ആപ്പിളിന്റെ പ്രതികരണം ആരായുകയാണ് സെർട്ട് ഇൻ.
സർക്കാറിന്റെ ചാരപ്പണി സംശയിക്കപ്പെടുന്ന സാഹചര്യത്തിൽ പാർലമെന്റിന്റെ ഐ.ടി കമ്മിറ്റിയുടെ കൂടി അന്വേഷണം ആവശ്യപ്പെടാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചിട്ടുണ്ട്.
കേന്ദ്രസർക്കാറിനെ പ്രതിക്കൂട്ടിലാക്കി വീണ്ടും ഫോൺ ചോർത്തൽ വിവാദം സംബന്ധിച്ച വാർത്തകൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഐ-ഫോണിലെ വിവരങ്ങൾ ചോർത്താൻ ഭരണകൂടം ലക്ഷ്യമിടുന്നുണ്ടെന്ന് നിർമാതാക്കളായ ആപ്പിൾ കമ്പനിയിൽനിന്ന് നിരവധി പ്രതിപക്ഷ നേതാക്കൾക്ക് ജാഗ്രത സന്ദേശം ലഭിക്കുകയായിരുന്നു.
ഇസ്രായേൽ നിർമിത ചാരവൃത്തി സോഫ്ട്വെയറായ പെഗസസ് ഉപയോഗിച്ചുള്ള ഫോൺ ചോർത്തൽ, ഭരണകൂട നിരീക്ഷണം തുടങ്ങിയ വിവാദങ്ങൾക്ക് പിന്നാലെയാണ് ആപ്പിളിന്റെ ജാഗ്രത നിർദേശവും കഴിഞ്ഞ ദിവസം പുറത്ത് വന്നത്. രാഹുൽ ഗാന്ധി, സീതാറാം യെച്ചൂരി, അഖിലേഷ് യാദവ്, ശശി തരൂർ, മഹുവ മൊയ്ത്ര, രാഘവ് ഛദ്ദ, പ്രിയങ്ക ചതുർവേദി തുടങ്ങി നിരവധി പ്രതിപക്ഷ നേതാക്കൾക്കാണ് ആപ്പിളിന്റെ ജാഗ്രത സന്ദേശം ലഭിച്ചത്.
മൗലികാവകാശ ലംഘനമാണ് സർക്കാർ നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി നിരവധി എം.പിമാരും മറ്റു നേതാക്കളും ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചു. സർക്കാറിന്റെ പ്രവർത്തനങ്ങളെ വിമർശിക്കുന്ന തങ്ങൾക്ക് ഫോൺ കമ്പനിയിൽനിന്ന് ലഭിച്ച സന്ദേശം അങ്ങേയറ്റം അസ്വസ്ഥ ജനകമാണെന്ന് അവർ ചൂണ്ടിക്കാട്ടി.
തുടർന്ന് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ആരോപണം സർക്കാർ നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.