ന്യൂഡൽഹി: പഞ്ചസാരക്ക് പ്രത്യേക ചുങ്കം (സെസ്) ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കം സംസ്ഥാനങ്ങളുടെ കടുത്ത എതിർപ്പുമൂലം തൽക്കാലം മാറ്റിവെച്ചു. അഞ്ചുശതമാനം പഞ്ചസാര സെസ് കൊണ്ടുവരാനാണ് കേന്ദ്രസർക്കാർ ശ്രമം. സംസ്ഥാനങ്ങളുടെ എതിർപ്പു മുൻനിർത്തി, വിഷയം പരിേശാധിക്കാൻ മന്ത്രിതല സമിതിയെ നിയോഗിക്കും. രണ്ടാഴ്ചക്കകം സമിതി റിപ്പോർട്ട് സമർപ്പിക്കണം. ചരക്കു സേവന നികുതിക്കു (ജി.എസ്.ടി) പുറമെ സെസ് ചുമത്താൻ പാടില്ലെന്ന് കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ട ജി.എസ്.ടി കൗൺസിൽ യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ ആവശ്യപ്പെടുകയായിരുന്നു. ജി.എസ്.ടിയുടെ തത്ത്വങ്ങൾക്ക് വിരുദ്ധമാണ് സെസ് എന്ന് പശ്ചിമ ബംഗാൾ അടക്കം വിവിധ സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടി.
ഉൽപന്നങ്ങൾക്ക് ഒറ്റ നികുതി എന്നതാണ് ജി.എസ്.ടിയുടെ ആശയം. എന്നാൽ, വിവിധ ഗണത്തിൽപെട്ട ഉൽപന്നങ്ങൾക്ക് നാലു തട്ടിൽ നികുതി നിരക്ക് നിശ്ചയിച്ച ശേഷം, പിന്നാമ്പുറത്തുകൂടി പുതിയ അധികച്ചുങ്കം അടിച്ചേൽപിക്കുന്നത് ശരിയല്ലെന്ന് സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടി. ജി.എസ്.ടി നടപ്പാക്കി ഒരു വർഷമാകുന്നതിനു മുമ്പുതന്നെ പുതിയ സെസ് കൊണ്ടുവരുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും അവർ വാദിച്ചു.
സെസ് ചുമത്തുന്നത് കേന്ദ്രത്തിനു മാത്രമായി നികുതി സമാഹരണം നടത്താനുള്ള സൂത്രവിദ്യയാണ്. സെസ് തുക പൂർണമായും കേന്ദ്രത്തിനാണ് കിട്ടുക. ജി.എസ്.ടി നടപ്പാക്കുന്നതു വഴി സംസ്ഥാനങ്ങൾക്ക് ഉണ്ടാകുന്ന നഷ്ടം അഞ്ചു വർഷത്തേക്ക് നികത്താൻ പ്രത്യേക സെസ് ഇപ്പോൾതന്നെ ഇൗടാക്കുന്നുണ്ട്. ജി.എസ്.ടിയുടെ പരിധിക്കു പുറത്തുള്ള ചില ഉൽപന്നങ്ങൾക്കും സെസ് ഇൗടാക്കുന്നുണ്ട്. ജി.എസ്.ടി സമ്പ്രദായത്തിനു കീഴിലും ഇറക്കുമതി ഉൽപന്നങ്ങൾക്ക് വിദ്യാഭ്യാസ സെസ് ചുമത്തിയിട്ടുണ്ട്. അസംസ്കൃത എണ്ണക്കും സെസ് ഉണ്ട്.
പഞ്ചസാര വിലയിടിവിെൻറ ഘട്ടത്തിൽ കരിമ്പു കർഷകരെ സഹായിക്കാനെന്ന പേരിലാണ് സെസ് പരിഗണിച്ചത്. പഞ്ചസാര മില്ലുകളുടെ കുടിശ്ശിക ബാക്കി നിൽക്കുന്നതിനാൽ ക്വിൻറലിന് 5.5 രൂപയുടെ സാമ്പത്തിക സബ്സിഡി നൽകാൻ കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇത് സെസ് മുഖേന തിരിച്ചു പിടിക്കാനാണ് കേന്ദ്രം ശ്രമിച്ചത്.
പഞ്ചസാരക്ക് സെസ് ചുമത്തിയാൽ പഞ്ചസാരക്കു പുറമെ, മിഠായികൾ, മധുര പലഹാരങ്ങൾ, ചോക്ലറ്റ് തുടങ്ങിയവക്കും വില ഉയരും. പഞ്ചസാര ചുങ്ക നിയമപ്രകാരം സെസ് നേരത്തേ ചുമത്തിയിരുന്നെങ്കിലും കഴിഞ്ഞവർഷം നിർത്തലാക്കുകയാണ് ചെയ്തത്. പഞ്ചസാരയുടെ വിൽപന വിലയേക്കാൾ ഉൽപാദന ചെലവ് ഉയർന്നു നിൽക്കുകയാണെന്ന് ജി.എസ്.ടി കൗൺസിൽ യോഗത്തിനു ശേഷം ധനമന്ത്രി അരുൺ ജെയ്റ്റ്ലി വിശദീകരിച്ചു.
ഒറ്റ റിേട്ടൺ ആറു മാസത്തിനകം
ന്യൂഡൽഹി: ചരക്കു സേവന നികുതി (ജി.എസ്.ടി) പ്രകാരം ഒാരോ മാസവും ഒറ്റ റിേട്ടൺ ഫയൽ ചെയ്യുന്ന സംവിധാനം ആറു മാസത്തിനുള്ളിൽ പ്രാബല്യത്തിൽ കൊണ്ടുവരുമെന്ന് ധനകാര്യ സെക്രട്ടറി ഹസ്മുഖ് അധിയ അറിയിച്ചു.
ജി.എസ്.ടി നികുതി പൂർണമായും ഡിജിറ്റൽ സംവിധാനത്തിനു കീഴിൽ അടക്കുന്നവർക്ക് രണ്ടു ശതമാനം പ്രോത്സാഹന ആനുകൂല്യം നൽകാനുള്ള നിർദേശം വിശദ ചർച്ചകൾക്കായി മാറ്റിവെച്ചു. ഇതിനായി മന്ത്രിതല സമിതി രൂപവത്കരിക്കും. ഇക്കാര്യത്തിൽ ചില സംസ്ഥാനങ്ങൾ വ്യത്യസ്ത ആശയങ്ങൾ മുന്നോട്ടുവെച്ച പശ്ചാത്തലത്തിലാണിത്.
ചരക്കു സേവന നികുതിയുടെ െഎ.ടി ശൃംഖലയായ ജി.എസ്.ടി നെറ്റ്വർക് നിയന്ത്രിക്കുന്ന കമ്പനി പൂർണമായും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഉടമസ്ഥതയിൽ കൊണ്ടുവരാൻ തീരുമാനിച്ചു.
ആറു മാസത്തിനകം ജി.എസ്.ടി.എൻ പൂർണതോതിൽ പ്രവർത്തനക്ഷമമാക്കാനുള്ള തീവ്രശ്രമവും തുടങ്ങും.
അഞ്ചു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്കാണ് ഇപ്പോഴത്തെ കമ്പനിയിൽ മേൽക്കൈ. അവരുടെ ഒാഹരി പങ്കാളിത്തം 51 ശതമാനമാണ്. സംസ്ഥാനങ്ങളും കേന്ദ്രവും ബാക്കി ഒാഹരികൾ തുല്യമായി വീതിക്കുകയാണ് ചെയ്തത്.
ഇനി മറ്റുള്ളവരെ ഒഴിവാക്കി കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും 50 ശതമാനം വീതമെന്ന നിലയിൽ ഒാഹരി പങ്കാളിത്തം ക്രമീകരിക്കുമെന്ന് ജി.എസ്.ടി കൗൺസിലിെൻറ വിഡിയോ കോൺഫറൻസിനു ശേഷം ധനമന്ത്രി അരുൺ ജെയ്റ്റ്ലി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.