ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള മലയാളി വിദ്യാർഥികളുടെ കുത്തൊഴുക്കിന് പൊതുപ്രവേശന പരീക്ഷയിലൂടെ ഡൽഹി സർവകലാശാല തടയിട്ടു. കഴിഞ്ഞ വർഷവും ഈ വർഷവും ബിരുദ പ്രവേശനം ലഭിച്ച മലയാളി വിദ്യാർഥികളുടെ എണ്ണത്തിലുണ്ടായ വലിയ അന്തരം ദേശീയ മാധ്യമങ്ങൾ വാർത്തയാക്കി. ആകെയുള്ള 146 സീറ്റുകളിൽ കഴിഞ്ഞ വർഷം 120ലും കേരള പ്ലസ് ടു പാസായ വിദ്യാർഥികൾ കയറിപ്പറ്റിയ ഡൽഹി സർവകലാശാലയിലെ ഹിന്ദു കോളജിൽ ബി.എ പൊളിറ്റിക്കൽ സയൻസി(ഓണേഴ്സ്)ന് ഇക്കുറി 59 പേർക്ക് പ്രവേശനം പൂർത്തിയായപ്പോൾ എത്തിയത് കേരള പ്ലസ് ടു പാസായ ഒരേയൊരു വിദ്യാർഥി.
കഴിഞ്ഞ വർഷം ആദ്യ കട്ട് ഓഫ് 100 ശതമാനം മാർക്ക് വെച്ചപ്പോൾ പ്രവേശനത്തിനെത്തിയ 102 പേരിൽ 101 പേരും കേരള പ്ലസ് ടു പാസായവരായിരുന്നു. എന്നാൽ ഇക്കുറി പൊതുപ്രവേശന പരീക്ഷയിലെ സ്കോർ പ്രവേശന മാനദണ്ഡമാക്കിയപ്പോൾ 800ൽ 795 വരെ കിട്ടിയവരാണ് ഹിന്ദു കോളജിൽ ബി.എ പൊളിറ്റിക്കൽ സയൻസിനെത്തിയത്. ഇവയിൽ ഭൂരിഭാഗവും സി.ബി.എസ്.ഇ പരീക്ഷ പാസായവരാണെന്ന് കോളജ് അധികൃതർ അറിയിച്ചു. ഇതുപോലെ 100 ശതമാനം ആദ്യ കട്ട്ഓഫ് വെച്ച ഡൽഹി രാംജാസ് കോളജിലെ ബി.എ പൊളിറ്റിക്കൽ സയൻസിലും കഴിഞ്ഞ വർഷം കൂടുതലും വിദ്യാർഥികളെത്തിയത് കേരള പ്ലസ്ടുവിൽ നിന്നായിരുന്നുവെങ്കിൽ ഇക്കുറി ഭൂരിഭാഗവും സി.ബി.എസ്.ഇ പരീക്ഷ കഴിഞ്ഞെത്തിയവരാണ്.
കേരളത്തിൽ നിന്നുള്ള മലയാളി വിദ്യാർഥികളെ കേന്ദ്ര സർവകലാശാലകളിലേക്ക് ബോധപൂർവം റിക്രൂട്ട് ചെയ്യുന്നുവെന്ന സി.പി.എം രാജ്യസഭ നേതാവ് എളമരം കരീമിന്റെ വിവാദ പ്രസ്താവനക്ക് പിന്നാലെ മലയാളി വിദ്യാർഥികളുടെ കുത്തൊഴുക്കിന് കാരണം കേരളത്തിലെ 'മാർക്ക് ജിഹാദ്' ആണെന്ന ആരോപണവുമായി സംഘ്പരിവാർ രംഗത്തുവന്നിരുന്നു. കേരള ബോർഡിൽ നിന്നുള്ള വിദ്യാർഥികളുടെ തള്ളിക്കയറ്റം മാധ്യമങ്ങളും ഏറ്റെടുത്തതോടെ ഡൽഹി സർവകലാശാല സമിതി പൊതുപ്രവേശന പരീക്ഷക്ക് ശിപാർശ ചെയ്തു. ഡൽഹി സർവകലാശാലയോ പുറത്തുള്ള ഏജൻസിയോ പ്രവേശന പരീക്ഷ നടത്തട്ടെ എന്നായിരുന്നു സമിതിയുടെ അഭിപ്രായം. പിന്നീട് കേന്ദ്ര സർവകലാശാലകളിലേക്ക് ഈ വർഷം മുതൽ ബിരുദ പ്രവേശനത്തിന് പൊതുപ്രവേശന പരീക്ഷ എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.