ന്യൂഡൽഹി: വസ്ത്രങ്ങളുടെ ചരക്ക് സേവന നികുതി (ജി.എസ്.ടി) ജനുവരി ഒന്നു മുതൽ 12 ശതമാനമാക്കുന്നതിൽ കേന്ദ്രം പുനരാലോചന നടത്തിയേക്കും. വിവിധ സംസ്ഥാനങ്ങളും വസ്ത്രവ്യാപാരികളും കടുത്ത എതിർപ്പുയർത്തിയ സാഹചര്യത്തിലാണ് തീരുമാനം പിൻവലിക്കാൻ സാധ്യതയേറിയത്. മന്ത്രിതല സമിതിക്ക് വിടുന്നതിനാൽ പുതുക്കിയ സ്ലാബ് സംബന്ധിച്ച തീരുമാനവും വൈകിയേക്കും. വെള്ളിയാഴ്ച ചേരുന്ന 46ാമത് ജി.എസ്.ടി കൗൺസിൽ യോഗത്തിന്റെ പ്രധാന അജണ്ട തന്നെ ഈ വിഷയമാണ്.
ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വിളിച്ചുചേർത്ത യോഗത്തിൽ ഗുജറാത്ത്, പശ്ചിമ ബംഗാൾ, ഡൽഹി, രാജസ്ഥാൻ, തമിഴ്നാട് സംസ്ഥാനങ്ങളാണ് തുണിത്തരങ്ങളുടെ ജി.എസ്.ടി അഞ്ച് ശതമാനത്തിൽനിന്ന് 12 ശതമാനത്തിലേക്ക് ഉയർത്തുന്നതിൽ ശക്തമായ എതിർപ്പറിയിച്ചത്. തീരുമാനം ജനങ്ങൾക്ക് അനുകൂലമല്ലെന്നും പിൻവലിക്കണമെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആവശ്യപ്പെട്ടു. സാധാരണക്കാരൻ 1000 രൂപക്ക് വസ്ത്രം വാങ്ങിയാൽ 120 രൂപ ജി.എസ്.ടി നൽകേണ്ടി വരുന്നതിനെ ഒരു രീതിയിലും അനുകൂലിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ ജി.എസ്.ടി കൗൺസിൽ യോഗത്തിന് വസ്ത്ര ജി.എസ്.ടി ഉയർത്തിയ ഒറ്റ അജണ്ടയാണ് വരുന്നതെന്നും ഗുജറാത്തിനൊപ്പം മറ്റ് സംസ്ഥാനങ്ങളും ഇതിനെതിരെ എതിർപ്പുയർത്തിയിട്ടുണ്ടെന്നും തമിഴ്നാട് ധനമന്ത്രി പി. ത്യാഗരാജൻ പറഞ്ഞു. പുതിയ നിരക്ക് നടപ്പാക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെരിപ്പിനും വസ്ത്രത്തിനും ജി.എസ്.ടി കൂട്ടുന്നതിൽനിന്ന് കേന്ദ്രം പിന്തിരിയണമെന്ന് രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി സുഭാഷ് ഗാർഗ് ആവശ്യപ്പെട്ടു. വസ്ത്രമേഖലയിൽ ബംഗ്ലാദേശ് ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ നിരക്ക് വർധന അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വസ്ത്ര ജി.എസ്.ടി 12 ശതമാനമാക്കിയാൽ സംസ്ഥാനത്ത് ഒരു ലക്ഷം വസ്ത്രവ്യവസായ സ്ഥാപനങ്ങൾ അടച്ച് പൂട്ടേണ്ടി വരുമെന്നും 15 ലക്ഷം പേർ തൊഴിൽരഹിതരാകുമെന്നും ബംഗാൾ മുൻ ധനമന്ത്രി അമിത് മിത്ര പറഞ്ഞു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഇപ്പോഴത്തെ ഉപദേശകനുമാണ് മിത്ര. തെലങ്കാന വ്യവസായ മന്ത്രി കെ.ടി രാമറാവുവും 12 ശതമാനം ജി.എസ്.ടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ഈ വർഷം സെപ്റ്റംബർ 17ന് ചേർന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിലാണ് എല്ലാ പാദരക്ഷകൾക്കും 1000 രൂപ വരെ വരുന്ന വസ്ത്രങ്ങൾക്കും ജനുവരി മുതൽ ജി.എസ്.ടി 12 ശതമാനമാക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.